പൊന്മുടി തൂക്കുപാലത്തിൽ ഗതാഗതം നിരോധിച്ചു
1561717
Thursday, May 22, 2025 11:33 PM IST
രാജാക്കാട്: ഉണ്ടായിരുന്ന തൂക്കുപാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പുതിയ പാലമെന്ന പ്രഖ്യാപനം വാക്കുകളില്‍ മാത്രം. മറുകര കടക്കാന്‍ നാട്ടുകാര്‍ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കണം.
ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന പൊന്മുടി തൂക്കുപാലത്തിലേക്ക് സഞ്ചാരികള്‍ എത്തുമ്പോളും യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ നടപടിയില്ല. ഇവിടേക്ക് സഞ്ചാരികളുടെയും വാഹനങ്ങളുടെയും വരവ് വര്‍ധിച്ചതോടെയാണ് കാലപ്പഴക്കമേറെയുള്ള പാലത്തിലൂടെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
വാഹന ഗതാഗതമില്ലെങ്കിലും സഞ്ചാരികള്‍ ഈ പാലം തേടിയെത്തി ചിത്രങ്ങൾ പകർത്താറുണ്ട്.
നിലവില്‍ ഇവിടെയെത്തിക്കുന്ന വിനോദസഞ്ചാരികളെ ഒരു വശത്ത് ഇറക്കി വാഹനം പൊന്മുടി ഡാം കെട്ടിലൂടെ രണ്ടു കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് മറുകരയെത്തിയാണ് സഞ്ചാരികളുമായി മടങ്ങുന്നത്.ഗതാഗതം നിരോധിച്ചതോടെ പല വാഹനങ്ങളും ഇവിടേക്കുള്ള സവാരി അവസാനിപ്പിച്ച് മറ്റു മേഖലകളിലേക്കാണ് സഞ്ചാരികളുമായി പോകുന്നത്. ഇതോടെ വിനോദസഞ്ചാരത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കച്ചവടക്കാരും പ്രതിസന്ധിയിലായി.
വാഹന ഗതാഗതം നിലച്ചതോടെ ഇരുവശത്തുമുള്ള നാട്ടുകാരും ഏറെ ദുരിതത്തിലാണ്. പ്രദേശത്ത് പുതിയ പാലം നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ മണ്ണു പരിശോധനയോടെ അവസാനിച്ചു.
തൂക്കുപാലം സംരക്ഷിക്കണമെന്നും പുതിയ കോൺക്രീറ്റ് പാലം നിര്‍മിച്ച് യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.