പ്രതിപക്ഷ സമരത്തിന്റെ വിജയം: ബിജോ മാണി
1561721
Thursday, May 22, 2025 11:33 PM IST
തൊടുപുഴ: സംസ്ഥാനത്തെ ഡാമുകൾ, പുഴകൾ, ജലവിഭവ വകുപ്പിന്റെ തടയിണകൾ, ചെക്ക് ഡാമുകൾ, ബണ്ടുകൾ, കനാലുകൾ, കുളങ്ങൾ, കുടിവെള്ളപദ്ധതി ടാങ്കുകൾ എന്നിവയ്ക്കു ചുറ്റും 30 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ ബഫർ സോണ്‍ പ്രഖ്യാപിച്ച് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു.
തുടർച്ചയായി രണ്ടാം തവണയാണ് മന്ത്രി റോഷി അഗസ്റ്റിനു കോണ്‍ഗ്രസ് പ്രതിഷേധത്തിനു മുന്നിൽ നിലപാട് തിരുത്തേണ്ടിവരുന്നത്. കഴിഞ്ഞ ജനുവരി 20ന് ജലവിഭവ വകുപ്പ് ഇറക്കിയ ഈ ജനദ്രോഹ ഉത്തരവ് പുറത്തറിഞ്ഞത് കോണ്‍ഗ്രസ് നടത്തിയ പത്രസമ്മേളനത്തിലൂടെയാണ്. കൃഷിയിടങ്ങളെ ബഫർ സോണിന്റെ പരിധിയിലാക്കുന്നതായിരുന്നു ഉത്തരവ്. വീടു നിർമിക്കുന്നതിനോ മണ്ണെടുക്കുന്നതിനോ പാറ പൊട്ടിക്കുന്നതിനോ ഉത്തരവു മൂലം സാധിക്കില്ലായിരുന്നു.
ഇതിനു പുറമേ നിർമാണസമഗ്രഹികളുടെ ദൗർലഭ്യം രൂക്ഷമാക്കാനും ഉത്തരവ് കാരണമായേനേ. ജനദ്രോഹ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടി കാണിച്ചിരുന്നു. സർക്കാരിന്റെ ഇത്തരം ജനവിരുദ്ധ ഉത്തരവുകൾക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും ബിജോ മാണി അറിയിച്ചു.