ലഹരിക്കെതിരേ കിക്ക് ഡ്രഗ്സ് സന്ദേശയാത്ര ഇന്ന് ജില്ലയിൽ
1561469
Wednesday, May 21, 2025 11:49 PM IST
തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി കായിക വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ മന്ത്രി വി. അബ്ദുറഹ്മാൻ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര ഇന്ന് ജില്ലയിൽ പര്യടനം നടത്തും. രാവിലെ ആറിന് രാമക്കൽമേട്ടിൽ നിന്നാരംഭിച്ച് തൊടുപുഴയിൽ സമാപിക്കും.
മാരത്തണ്‍ രാമക്കൽമേട്ടിൽ
ലഹരി വിരുദ്ധ യാത്രയുടെ ഭാഗമായി ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും അത്ലറ്റിക്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ രാമക്കൽമേട് മുതൽ പടിഞ്ഞാറേകവല വരെ മാരത്തണ്‍ സംഘടിപ്പിക്കും. രാവിലെ ആറിന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 6.30ന് എ. രാജ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും. പുരുഷ വിഭാഗം മാരത്തണ്‍ രാമക്കൽമേട്ടിൽനിന്നാരംഭിച്ച് തൂക്കുപാലം വഴി നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ സമാപിക്കും.
വനിതകളുടെ മാരത്തണ്‍ തൂക്കുപാലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 8.30നു പടിഞ്ഞാറെ കവലയിൽ നിന്നു കിഴക്കേ കവലയിലേക്കുള്ള രണ്ടു കിലോമീറ്റർ വാക്കത്തോണ്‍ മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ളാഗ് ഓഫ് നിർവഹിക്കും. തുടർന്നു നെടുങ്കണ്ടത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം.എം. മണി എംഎൽഎ അധ്യക്ഷത വഹിക്കും. എ. രാജ എംഎൽഎ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ കായിക മന്ത്രിയെ ആദരിക്കും.
കളിക്കളം വീണ്ടെടുക്കൽ
കായിക വകുപ്പിന്റെ നേതൃത്വത്തിൽ കളിക്കളം വീണ്ടെടുക്കലിന്റെ ഭാഗമായി നിർമാണം നടക്കുന്ന വിവധ സ്റ്റേഡിയങ്ങൾ സന്ദർശിക്കും. നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം, 11.30നു എഴുകുംവയൽ മിനി കളിക്കളം, 12.30ന് കാൽവരി മൗണ്ട് ഹൈസ്കൂൾ, ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി ഐഡിഎ ഗ്രൗണ്ട് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തും.
കായികതാരങ്ങളുമായി
സംവാദം
തൊടുപുഴ മങ്ങാട്ടു കവല ബസ് സ്റ്റാൻഡിൽനിന്നും ഉച്ചകഴിഞ്ഞ് 3.30നു ഗാന്ധി സ്ക്വയറിലേക്ക് വാക്കത്തോണ്‍ സംഘടിപ്പിക്കും. വാഴൂർ സോമൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം 6.15നു മന്ത്രി ബാഡ്മിന്റണ്‍ കോർട്ട് സന്ദർശിക്കും. രാത്രി ഏഴിന് കായികതാരങ്ങളുമായി ഗാന്ധി സ്ക്വയറിനു സമീപത്തെ സീസർ പാലസ് ഹോട്ടലിലെ കോണ്‍ഫറൻസ് ഹാളിൽ സംവാദം നടത്തും. 6.30ന് ഗാന്ധി സ്ക്വയറിൽ പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. എം.എം.മണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി വിശിഷ്ടാതിഥിയായിരിക്കും. അഡ്വ. എ. രാജ എംഎൽഎ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. നഗരസഭ ചെയർമാൻ കെ. ദീപക് കായിക വകുപ്പ് മന്ത്രിയെ ആദരിക്കും.
ഇടുക്കി ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ കായിക വകുപ്പ് മന്ത്രിക്ക് ഉപഹാരം സമർപ്പിക്കും.
തുടർന്ന് മന്ത്രി വി. അബ്ദുറഹ്മാൻ കായിക പ്രതിഭകളെ ആദരിക്കും.സമാപന സമ്മേളനത്തിൽ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി, വൈസ് പ്രസിഡന്റ് എം. ആർ. രഞ്ജിത്ത്, കായിക യുവജന കാര്യാലയം ഡയറക്ടർ പി. വിഷ്ണുരാജ്, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, അർജുന അവാർഡ് ജേതാവ് കെ.എം. ബിനു, മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദീപ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, നഗരസഭ വൈസ് ചെയർപേഴ്സണ്‍ ജെസി ആന്റണി, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ലതീഷ് തുടങ്ങിയവർ പ്രസംഗിക്കും.