നിർമിത ബുദ്ധിയുടെ സഹായത്തോടെ ഡിജിറ്റൽ കണ്ടുപിടിത്തവുമായി ജെറിറ്റ് ബൈജു
1561465
Wednesday, May 21, 2025 11:49 PM IST
പീരുമേട്: വെബ്സൈറ്റുകളിൽ ഡിജിറ്റൽ സമത്വം ഉറപ്പാക്കുന്നതിനായി വെബ് ഈസ് എന്ന പുതിയ കണ്ടുപിടിത്തം നടത്തി മലയാളി വിദ്യാർഥി ജെറിറ്റ് ബൈജു. ലോകം മുഴുവൻ സാങ്കേതിക വിപ്ലവത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്പോൾ വിവിധ തരത്തിലുള്ള അസമത്വങ്ങളും അതോടൊപ്പം ഉണ്ടാകുന്നുണ്ട്. എല്ലാ സേവനങ്ങളും ഡിജിറ്റൽ മേഖലയിലേക്ക് മാറുന്പോൾ വിവിധ തരം ശാരീരിക, മാനസിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഇത്തരം സേവനങ്ങൾ ഉപയോഗപ്രദമാകുന്നില്ല.
ഡിജിറ്റൽ മേഖലയിലെ പ്രവേശനക്ഷമത ഉറപ്പാക്കുന്നതിന് ചെലവേറിയ ഉപകരണങ്ങൾ ഉണ്ടെങ്കിലും പല വെബ്സൈറ്റുകളിലും അത്തരം സേവനങ്ങൾ ലഭ്യമല്ല. ഈ പ്രശ്നത്തിനാണ് പുതിയ കണ്ടെത്തലിലൂടെ ജെറിറ്റ് ബൈജു പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
മോസില്ല ഫൗണ്ടേഷന്റെ റെസ്പോണ്സിബിൾ കംപ്യൂട്ടിംഗ് ചലഞ്ചിന്റെ ഭാഗമായി കുട്ടിക്കാനം മരിയൻ കോളജ് നടത്തിയ പദ്ധതിയിൽ സർട്ടിഫിക്കറ്റ് കോഴ്സിൽ പങ്കെടുത്താണ് ഒന്നാം വർഷ ബിസിഎ വിദ്യാർഥിയായ ജെറിറ്റ് ഈ നേട്ടം കൈവരിച്ചത്. വിവിധ വൈകല്യങ്ങൾ നേരിടുന്നവർക്ക് വെബ്സൈറ്റുകൾ പ്രവേശനക്ഷമമാക്കുന്ന, നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന, തികച്ചും സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാവുന്ന ലോകത്തിലെ തന്നെ ഏക ആപ്ലിക്കേഷനാണ് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ നിന്നുള്ള ഈ വിദ്യാർഥി വികസിപ്പിച്ചത്.
ഡിജിറ്റൽ പ്രവേശനക്ഷമത എന്ന വിഷയത്തിൽ ഈ പദ്ധതിയുടെ ഭാഗമായി മരിയൻ കോളജിൽ സംഘടിപ്പിച്ച ദേശീയ കോണ്‍ഫറൻസിൽ അവതരിപ്പിക്കപ്പെട്ട വെബ് ഈസ് എന്ന ഈ കണ്ടുപിടിത്തം ഒന്നാം സമ്മാനം നേടിയതിനെത്തുടർന്ന് മോസില്ല റെസ്പോണ്‍സബിൾ കംപ്യൂട്ടിംഗ് ചലഞ്ച് ഇന്ത്യ തലവൻ ജിബു എലിയാസ് അടുത്ത അന്തർദേശീയ സമ്മേളനത്തിലേക്ക് ജെറിറ്റിനെ നോമിനേറ്റ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ച ഈ കണ്ടുപിടിത്തം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങൾ അവരുടെ വെബ്സൈറ്റുകളിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
മരിയൻ കോളേജ് അധ്യാപകരായ പ്രഫ.ബിനു തോമസ്, അജേഷ് പി. ജോസഫ് എന്നിവരാണ് ഈ പദ്ധതിക്കു മാർഗനിർദേശം നൽകുന്നത്. ഇടുക്കി വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ ആലുങ്കൽ ബൈജു-സിന്ധു ദന്പതികളുടെ മകനാണ് ജെറിറ്റ്.