‘പുലർമഞ്ഞ് 2025’ കെസിവൈഎം മലയോര ക്യാമ്പ്
1561710
Thursday, May 22, 2025 11:33 PM IST
കുട്ടിക്കാനം: കേരളത്തിലെ 32 രൂപതകളിലെ യുവജന പ്രതിനിധികൾ ഒത്തുചേരുന്ന പുലർമഞ്ഞ് -2025 മലയോര ക്യാമ്പിന് കുട്ടിക്കാനം മരിയൻ കോളജ് കാമ്പസിൽ ഇന്ന് ദീപം തെളിയും. കെസിവൈഎം സംസ്ഥാന സമിതി നേതൃത്വം വഹിക്കുന്ന പുലർമഞ്ഞ് മലയോര ക്യാമ്പ് കാഞ്ഞിരപ്പള്ളി രൂപതയിൽ ഇന്നു മുതൽ 25 വരെ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിക്കും. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള ആമുഖ പ്രഭാഷണവും കോവിൽമല രാജാവ് ശ്രീരാമൻ രാജമന്നാൻ മുഖ്യപ്രഭാഷണവും നടത്തും.
കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം - യുവദീപ്തി ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ, കെസിവൈഎം സംസ്ഥാന സമിതി ജനറൽ സെക്രട്ടറി ജോബിൻ ജോസ്, രൂപത എസ്എംവൈഎം - യുവദീപ്തി പ്രസിഡന്റ് അലൻ കല്ലൂരാത്ത്, സംസ്ഥാന സമിതി കോഓർഡിനേറ്ററും ട്രഷററുമായ ജിബി ഏലിയാസ് എന്നിവർ പ്രസംഗിക്കും. ക്യാന്പിന്റെ ഭാഗമായി നല്ലതണ്ണി, പാഞ്ചാലിമേട് എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.