ലഹരിവിരുദ്ധ സന്ദേശ യാത്രയ്ക്ക് ജില്ലയിൽ ആവേശോജ്വല വരവേൽപ്പ്
1561726
Thursday, May 22, 2025 11:33 PM IST
നെടുങ്കണ്ടം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കായിക കേരളം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശയാത്ര എഴുകുംവയൽ മിനി കളിക്കളത്തിൽ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിവിരുദ്ധ സന്ദേശയാത്രയുടെ അടുത്ത ഘട്ടമായി കൂടുതൽ കുട്ടികളെ കായികമേഖലയിലേക്ക് അടുപ്പിക്കുന്നതിനും കൂടുതൽ കളിക്കളങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ കായിക ഇനങ്ങൾ കൊണ്ടുവരുന്നതിനുമാണ് പദ്ധതി ആവിഷ്കരിക്കുന്നത്. പഞ്ചായത്തുകൾക്കു ശേഷം ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും. ഊർജസ്വലരായ യുവജനതയെ വാർത്തെടുക്കാനാണ് കായിക കേരളം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
എഴുകുംവയൽ സഹകരണ ബാങ്ക് പ്രസിഡന്റ് സാബു മാത്യു മണിമലക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. യാത്രയുടെ ഭാഗമായി രാവിലെ രാമക്കൽമേട്ടിൽനിന്നാരംഭിച്ച മാരത്തണിൽ 250 ലേറെ കായികതാരങ്ങൾ പങ്കെടുത്തു. എ. രാജ എംഎൽഎ മാരത്തണ് ഫ്ളാഗ് ഓഫ് ചെയ്തു. നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽനിന്നും കിഴക്കേ കവലയിലേക്കുള്ള വാക്കത്തോണിന്റെ ഫ്ളാഗ് ഓഫ് എം.എം. മണി എംഎൽഎ നിർവഹിച്ചു. ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെടുങ്കണ്ടം ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അമീൻ അൽ ഹസനി ലഹരിവിരുദ്ധ സന്ദേശം നൽകി.
ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻദാസ്, എസ്എൻഡിപി യോഗം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറന്പത്ത്, എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ. മണികണ്ഠൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യന്പിള്ളി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സാജൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു.
തൊടുപുഴയിൽ മങ്ങാട്ടുകവലയിൽനിന്നും ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശറാലിയിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാപഞ്ചായത്തംഗം പ്രഫ.എം.ജെ. ജേക്കബ്, നഗരസഭാ വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.