ഉപ്പുതോടിനെ സ്നേഹിച്ച അപ്പച്ചൻചേട്ടൻ യാത്രയായി
1561286
Wednesday, May 21, 2025 5:32 AM IST
ചെറുതോണി: ഉപ്പുതോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുൽക്കുന്നേൽ ജോൺ (അപ്പച്ചൻ ചേട്ടൻ) യാത്രയായി. 1958ൽ ഉപ്പുതോട്ടിൽ കുടിയേറിയ കർഷകരിലെ അവസാന കണ്ണികളിൽ ഒരാളാണ് ഇദ്ദേഹം.
പെരുവന്താനത്തുനിന്നും ഭാര്യ മറിയാമ്മയുടെ കൈയും പിടിച്ചിറങ്ങുമ്പോൾ ഒരു പിടി മണ്ണു മാത്രമായിരുന്നു മനസിൽ. അയ്യപ്പൻകോവിൽ വരെ ജീപ്പിലെത്തി. അവിടെ നിന്നും വനത്തിലൂടെ 40 കിലോമീറ്റർ ജീവൻ പണയം വച്ചുള്ള യാത്ര. ആ യാത്ര വെറുതെയായില്ല.
മലമ്പാമ്പിനോടും മലമ്പനിയോടും പടവെട്ടി മണ്ണിനെ പൊന്നാക്കി. 1951 ൽ പത്താം ക്ലാസ് ജയിച്ച ഇദ്ദേഹം സ്വന്തം കാര്യം മാത്രമല്ല നാടിന്റെ വികസനവും സ്വപ്നം കണ്ടിരുന്നു. ഉപ്പുതോട്ടിൽ ഇന്നുകാണുന്ന വികസനത്തിനു പിന്നിൽ ഇദ്ദേഹത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ഉപ്പുതോട്ടിൽ സ്കൂൾ തുടങ്ങുന്നതിന് തന്റെ രണ്ടേക്കർ ഭൂമി ദാനമായി നൽകി. നല്ലൊരു ദൈവവിശ്വാസികൂടിയായ അപ്പച്ചൻ ചേട്ടൻ ഉപ്പുതോട് സെന്റ് ജോസഫ് പള്ളിക്ക് ഒരേക്കർ സ്ഥലവും സൗജന്യമായി നൽകി. സഹായമഭ്യർത്ഥിച്ചു വരുന്നവരെ ഇദ്ദേഹം വെറും കയ്യോടെ വിടാറില്ല. കുടിയേറ്റക്കാലത്ത് അൽപം രാഷ്ട്രീയത്തിലും കൈവച്ചിരുന്നു. ഹൈറേഞ്ചിൽ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കുന്നതിന് മുൻപന്തിയിലുണ്ടായിരുന്നു. കെ.എം.ജോർജിന്റെ മരണത്തോടെ രാഷ്ട്രീയം വിട്ടു. ഒൻപതു മക്കളാണ് ഇദ്ദേഹത്തിനുള്ളത്.
ആറ് ആണും മൂന്നു പെണ്ണും. ആണുങ്ങളിൽ മൂന്നു പേർ രാജ്യം കാക്കുന്ന പട്ടാളക്കാരായി. ഇതിൽ ഒരാൾ പട്ടാളത്തിലെ ക്യാപ്റ്റനായി സർവീസിൽ നിന്ന് വിരമിച്ചത് അടുത്ത കാലത്താണ്. പെൺമക്കൾ മൂന്നു പേരും നഴ്സുമാരായി സേവനമനുഷ്ഠിക്കുന്നു. ഒരു മാസം മുൻപാണ് തനിക്ക് താങ്ങും തണലുമായി നിന്ന ഭാര്യ മറിയാമ്മ വിട പറഞ്ഞത്. ഉപ്പുതോട് ആപ്കോസ് പ്രസിഡന്റായ മകൻ സണ്ണിയോടൊപ്പമായിരുന്നു താമസം.