അമ്മ കരള്‍ പകുത്തുനല്‍കും; സുമനസുകളുടെ സഹായം തേടി ഏഴുവയസുകാരൻ
1561917
Friday, May 23, 2025 11:31 PM IST
നെടുങ്കണ്ടം: കരള്‍ മാറ്റിവയ്ക്കാന്‍ സുമനസുകളുടെ സഹായം തേടി ഏഴ് വയസുകാരന്. നെടുങ്കണ്ടം പച്ചടി ഇലവുംകുന്നേല്‍ സിനോയിയുടെയും അനുമോളുടെയും മകന് അഡോണ്‍ ആണ് അപൂര്‍വമായി ഉണ്ടാകുന്ന ഗുരുതരമായ കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഈ കുരുന്നിനെ സഹായിക്കുന്നതിനായി നെടുങ്കണ്ടത്തെ പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്ന് ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കരള്‍ നല്കാന് അമ്മ അനുമോള്‍ തയാറാണ്.
എന്നാല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സകള്‍ക്കുമായി 25 ലക്ഷം രൂപയോളം വേണ്ടിവരും. ഇടത്തരം കുടുംബത്തില്‍ പെട്ട ഇവര്‍ക്ക് ഇതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. കുട്ടിയുടെ അവസ്ഥ അനുദിനം വഷളായി വരികയാണ്. ഓക്സിജന്റെ സഹായത്തോടെയാണ് ഇപ്പോള്‍ കുട്ടി കഴിയുന്നത്. ഈ സാഹചര്യത്തിലാണ് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കിയത്.
കുട്ടിയുടെ പിതാവ് സിനോയിയുടെ പേരില്‍ നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. രണ്ടാംക്ലാസുകാരനായ ഈ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സംഭാവനകള്‍ ഈ അക്കൗണ്ടിലേക്ക് നല്‍കണമെന്ന് അഡോണ്‍ ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
അക്കൗണ്ട്: സിനോയി തോമസ്, അക്കൗണ്ട് നമ്പര്‍ 10180 100 30 8392, ഐഎഫ്എസ്സി: എഫ്ഡിആര്‍എല്‍ 0001018, ഫെഡറല്‍ ബാങ്ക്, നെടുങ്കണ്ടം. ഗൂഗിള്‍ പേ: 9562939062.