ഇടതുഭരണം കേരളത്തെ തകർത്തു: പ്രഫ. എം.ജെ. ജേക്കബ്
1561459
Wednesday, May 21, 2025 11:48 PM IST
തൊടുപുഴ: ഒന്പതുവർഷത്തെ ഇടതുഭരണം കേരളത്തെ തകർത്തതായി യുഡിഎഫ് ജില്ലാ കണ്‍വീനർ പ്രഫ.എം.ജെ. ജേക്കബ് പറഞ്ഞു. യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കരിദിനാചരണത്തോടനുബന്ധിച്ച് തൊടുപുഴയിൽ നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016-ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ 1.50 ലക്ഷം കോടി ആയിരുന്ന പൊതു കടം നിലവിൽ ആറുലക്ഷം കോടിയിലേക്ക് ഉയർത്തി. കേരളത്തെ കടക്കെണിയിലാഴ്ത്തിയതാണ് പിണറായി സർക്കാരിന്റെ ഭരണ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി.എസ്. ഷംസുദീൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അപു ജോണ്‍ ജോസഫ്, എൻ.ഐ. ബെന്നി, എം. മോനിച്ചൻ, ടി.ജെ. പീറ്റർ, രാജു ഓടയ്ക്കൽ, ബ്ലെയിസ് ജി. വാഴയിൽ, എം. എ. കരീം, കൃഷ്ണൻ കണിയാപുരം, ജോണ്‍സ് ജോർജ്, പി.ഗംഗാധരൻ, ടോമി മൂഴിക്കച്ചാലിൽ, സണ്ണി കളപ്പുര, കെ.ജി. സജിമോൻ എന്നിവർ പ്രസംഗിച്ചു. പ്രവർത്തകർ ടൗണിൽ കരിങ്കൊടിയുമായി പ്രകടനവും നടത്തി.