കനകക്കുന്ന് വ്യൂ പോയിന്റിലെ അസ്തമയ കാഴ്ച അതിമനോഹരം
1561287
Wednesday, May 21, 2025 5:32 AM IST
രാജാക്കാട്: പ്രകൃതി മനോഹാരിതകൊണ്ട് സമ്പന്നമായ കുടിയേറ്റ ഗ്രാമമാണ് രാജാക്കാട്. ആ രാജാക്കാടിന്റെ നെറുകയില്‍നിന്ന് മറ്റൊരു മനോഹര കാഴ്ചയുണ്ട്. അസ്തമയത്തിന്റെ അതിമനോഹരമായ കാഴ്ച. ഉദിച്ചുയരുന്ന സൂര്യന്റെ വെളിച്ചം ആദ്യം എത്തുന്നത് ഈ കനകക്കുന്ന് മലമുകളിലാണ്.
പുല്നാമ്പുകളില് പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികള്‍ പുലര്കാലത്തുള്ള വെയിലേറ്റ് കനകം കണക്കെ വെട്ടിത്തിളങ്ങും. അതു കണ്ട് പഴമക്കാര്‍ ഈ കുന്നിന് ഇട്ട പേരാണ് കനകക്കുന്ന്. പുലര്‍കാലത്ത് മാത്രമല്ല അസ്തമയവും ഇവിടെ നിന്നുള്ള അതി മനോഹര കാഴ്ചയാണ്.
രാജാക്കാട് പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരകളില്‍ ഒന്നാണ് കനകക്കുന്ന്. നിരവധി വിനോദ സഞ്ചാരികള്‍ ഇപ്പോഴും ഇവിടേയ്ക്ക് എത്തുന്നുണ്ട്. ശക്തി കുറഞ്ഞ് വീശിയടിക്കുന്ന തണുത്ത കാറ്റും ശാന്തമായ അന്തരീക്ഷവും ആരെയും ആകര്‍ഷിക്കുന്നതാണ്. ഇതോടൊപ്പമാണ് അസ്തമയ സൂര്യന്റെ മനോഹര കാഴ്ചകള്‍. കൃത്യമായ പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയാല്‍ ജില്ലയിലെ തന്നെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി കനകക്കുന്നിനെ മാറ്റാന്‍ കഴിയും.കനകക്കുന്ന് ടൂറിസം പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കി തുകയും മാറ്റിവച്ചിട്ടുണ്ട്.