ധ്യാനത്തിനെത്തിയ വിദ്യാര്‍ഥികളുടെ ഫോണുകള്‍ മോഷ്ടിച്ചയാൾ പിടിയിൽ
1561713
Thursday, May 22, 2025 11:33 PM IST
കട്ടപ്പന: ഇരുപതേക്കര്‍ അസീസി സ്നേഹാശ്രമത്തില്‍ ധ്യാനത്തിനെത്തിയ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കോലഞ്ചേരി മങ്ങാട്ടൂര് ചക്കുങ്കല്‍ അജയകുമാര്‍ (44) ആണ് കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പിടിയിലായത്. 15,000 രൂപലേറെ വിലവരുന്ന മൂന്നു ഫോണുകളാണ് ഇയാള്‍ മോഷ്ടിച്ചത്.
കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം. ധ്യാനത്തിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ അധികൃതര്‍ വാങ്ങി ആശ്രമത്തിനുള്ളില്‍ സൂക്ഷിച്ചിരുന്നു. ഇവിടെ ആരുമില്ലാത്ത സമയത്താണ് പ്രതി അതിക്രമിച്ചുകയറി ഫോണുകള്‍ കവര്‍ന്നത്. മോഷണം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ പോലീസില്‍ പരാതി നല്കി. പോലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അജയ്കുമാര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. ഇതില്‍ ഒരുകേസ് കട്ടപ്പന സ്റ്റേഷനില്‍തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകന്, എസ്ഐമാരായ ഷാജി ഏബ്രഹാം, കെ.വി. ജോസഫ്. ടി.ആർ. മധു, എഎസ്ഐ പി.എസ്. ലെനിന് എന്നിവരാണ് അന്വേഷണം നടത്തിയത്.