പ്ലസ്ടു: ഇടുക്കിയുടെ കുതിപ്പ് രണ്ടാം സ്ഥാനത്തേക്ക്
1561722
Thursday, May 22, 2025 11:33 PM IST
തൊടുപുഴ: പ്ലസ് ടു പരീക്ഷയിൽ ജില്ലയ്ക്ക് സുവർണ നേട്ടം. സംസ്ഥാനത്ത് വിജയശതമാനത്തിൽ രണ്ടാം സ്ഥാനം നേടിയാണ് മലയോര ജില്ലയായ ഇടുക്കി അഭിമാനം ഉയർത്തിയത്. 83 ശതമാനമാണ് ഇത്തവണത്തെ വിജയം.കഴിഞ്ഞ വർഷം 83.44 ആയിരുന്നു ജില്ലയിലെ വിജയ ശതമാനം. 929 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 9,596 കുട്ടികൾ പരീക്ഷ എഴുതിയതിൽ 7,965 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 75.69 ആണ് വിജയ ശതമാനം. 938 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 710 പേർ ഉപരി പഠനത്തിന് അർഹത നേടി.
ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 153 കുട്ടികൾ പരീക്ഷ എഴുതിയതിൽ 107 പേർ ഉപരി പഠനത്തിന് അർഹത നേടി. 69.93 ആണ് വിജയ ശതമാനം. ആറു പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഓപ്പണ്‍ സ്കൂൾ വിഭാഗത്തിൽ 328 കുട്ടികൾ പരീക്ഷ എഴുതിയതിൽ 146 പേർ ഉപരി പഠനത്തിന് അർഹത നേടി. 44.51 ആണ് വിജയ ശതമാനം.