വീട്ടിൽ വളർത്തിയിരുന്ന പോത്ത് ചത്തു; പേവിഷബാധയെന്നു സംശയം
1561720
Thursday, May 22, 2025 11:33 PM IST
ഉപ്പുതറ: ആലടി കാഞ്ഞിരത്തിങ്കൽ കൃഷ്ണൻകുട്ടി വളർത്തിയിരുന്ന പോത്ത് ചത്തു. പേവിഷബാധയാണ് കാരണമെന്ന് സംശയിക്കുന്നതായി വെറ്ററിനറി സർജൻ ഡോ. റോസ്മേരി മാത്യൂ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം പോത്തിനെ പരിചരിച്ചിരുന്ന ഏഴു പേർക്ക് അയ്യപ്പൻകോവിൽ (ആലടി) സർക്കാർ ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ് നൽകി.
വ്യാഴാഴ്ച രാവിലെയാണ് പോത്തിന് അസ്വസ്ഥത കണ്ടുതുടങ്ങിയത്. ഉടൻ തന്നെ മാട്ടുക്കട്ട, ഉപ്പുതറ മുഗാശുപത്രികളിൽ ചെന്നെങ്കിലും ഒരിടത്തും ഡോക്ടർ ഉണ്ടായിരുന്നില്ല. പിന്നീട് കൽത്തൊട്ടിയിൽ നിന്നും ഡോക്ടറെ എത്തിച്ച് കുത്തിവയ്പെടുത്തു. അൽപ്പം കഴിഞ്ഞപ്പോൾ പോത്ത് ചത്തു. പോത്തിനെ പരിചരിച്ചിരുന്ന കൃഷ്ണൻകുട്ടിയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമുൾപ്പെടെ ഏഴു പേരാണ് പ്രതിരോധ കുത്തിവയ്പെടുത്തത്.