നാടൻവാഴയില തിരികെ വരുന്നു...
1452594
Thursday, September 12, 2024 1:41 AM IST
സി.ജി. ജിജാസൽ
തൃശൂർ: തൂശനിലയിൽ തുന്പപ്പൂചോറു വിളന്പാൻ ഇത്തവണ തൃശൂർക്കാർക്ക് അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട. ജില്ലയിൽതന്നെ അതിനാവശ്യമായ ഇലകൾ റെഡിയാണ്. വിലയുടെ കാര്യത്തിലും കാര്യമായ വർധവില്ല.
അതിരപ്പിള്ളി, വെറ്റിലപ്പാറ, മാള എന്നിവിടങ്ങളിൽനിന്നുള്ള ഇലകളാണ് ഇത്തവണ വിപണി കീഴടക്കുന്നത്. നൂറെണ്ണം അടങ്ങുന്ന വാഴയില മൊത്തവിപണിയിൽ 350 രൂപമുതലും തുന്പില്ലാത്ത വാഴയില മൊത്തവിപണിയിൽ 100 എണ്ണത്തിന് 250 രൂപയുമാണ് നിരക്ക്. ചില്ലറവിപണിയിൽ ഒരു ഇലയ്ക്ക് അഞ്ചുരൂപയും ഈടാക്കുന്നുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ കാര്യമായി വില വർധിച്ചിട്ടില്ല. എന്നാൽ ഒരാഴ്ചമുൻപ് വാഴയില ഒന്നിന് 50 പൈസ കൂടിയിരുന്നു. കല്യാണസീസണ് ആയതോടെ ഇല കിട്ടാനില്ലാതെ ആയതാണ് വില ഉയരാൻ ഇടയായത്.
കേരളത്തിനു പുറത്തുനിന്നും ഇല ഇറക്കുമതിചെയ്യുന്പോൾ ഒരിലയ്ക്ക് അഞ്ചുരൂപയോളം ചെലവുവരുമെന്നും അതു ചില്ലറവിപണിയിൽ എത്തുന്പോൾ വീണ്ടും വില ഉയരാൻ സാധ്യതയുള്ളതിനാൽ സാധാരണക്കാരനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണുണ്ടാകുകയെന്നും ശക്തൻ മാർക്കറ്റിൽ വാഴയിലക്കച്ചവടം ചെയ്യുന്ന പെരിങ്ങാവ് സ്വദേശി ഡേവീസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി പേപ്പർവാഴയിലയിൽനിന്നും മലയാളികൾ തിരികെ നാടൻവാഴയിലയിലേക്കു മടങ്ങുന്നുണ്ട്. ഇത് ആശ്വാസം പകരുന്നതാണെന്നും അത്തരത്തിൽ ഒരു മാറ്റം നല്ലതാണെന്നും ഡേവീസ് കൂട്ടിച്ചേർത്തു.