"ജുബികോണ് 2025' ദേശീയ മെഡിക്കൽ കോണ്‍ഫറൻസ് സമാപിച്ചു
1601901
Wednesday, October 22, 2025 7:19 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ദ്വിദിന ദേശീയ മെഡിക്കൽ കോണ്‍ഫറൻസ് "ജുബികോണ് 2025' സമാപിച്ചു. ബിൽഹ ആൻ ജിക്കിയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാർഥികൾ സംഘടിപ്പിച്ച കോണ്‍ഫറൻസിൽ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, വൈസ് പ്രിൻസിപ്പൽ ഡോ. പദ്മകുമാർ എന്നിവർ ആശംസകളർപ്പിച്ചു.
ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളജുകളിൽനിന്നായി 350ലേറെ വിദ്യാർഥികൾ പങ്കെടുത്ത യോഗത്തിൽ ഡോ. ഹർഷ ഹാലഹള്ളി, ഡോ.പി.എസ്. ബേബി ചക്രപാണി, ഡോ. ആദിത്യ സഞ്ജയ് ഗുപ്ത, ഡോ. ശ്രീകുമാർ പിള്ള എന്നിവർ പ്രസംഗിച്ചു. ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ.ഡി.എം. വാസുദേവൻ ഗവേഷണസംഗ്രഹ ഗ്രന്ഥമായ കോണ്സ്പെക്ടസ് (മൂന്നാംപതിപ്പ്) പ്രകാശനം ചെയ്തു.
12 വിഷയങ്ങളിലായി പ്രഗത്ഭരായ ഡോക്ടർമാർ നയിച്ച വർക്ക്ഷോപ്പുകൾ വിദ്യാർഥികളിലെ പ്രായോഗികബോധം വർധിപ്പിക്കുന്നവയായിരുന്നു. ഗവേഷണാവതരണം, ക്വിസ് ഉൾപ്പെടെ വിവിധ മത്സരങ്ങളുണ്ടായിരുന്നു. തുടർന്ന് മെന്റലിസ്റ്റ് അനന്തുവിന്റെ പ്രകടനവും മൽഹാർ എന്ന സംഗീത- നൃത്തസന്ധ്യയും നടന്നു.