ചിന്നറോമ തിരുനാൾലഹരിയിലേക്ക്; കൂടുതുറക്കൽ നാളെ
1601902
Wednesday, October 22, 2025 7:19 AM IST
ഒല്ലൂർ: അതിസമ്പന്നമായ വിശ്വാസപാരമ്പര്യത്താൽ ചിന്നറോമ എന്നു വിളിപ്പേരുനേടിയ ഒല്ലൂർ പ്രസിദ്ധമായ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾലഹരിയിലേക്ക്. പള്ളിയിലെ ദീപാലങ്കാരങ്ങൾ ഇന്നു മിഴിതുറക്കും. രാത്രി ഏഴിനു സ്വിച്ച് ഓൺ കർമം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും.
ശില്പ-ചിത്ര ചാരുതകൊണ്ട് റോമിലെ സിസ്റ്റൈൻ ചാപ്പലിനെ ഓർമിപ്പിക്കുന്ന സെന്റ് ആന്റണീസ് ഫൊറോന ദേവാലയവും പരിസരവും തിരുനാളിനായി ഒരുങ്ങിക്കഴിഞ്ഞു. വഴികളെല്ലാം വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. അടുത്ത മൂന്നു ദിനങ്ങളിൽ മാലാഖയുടെ അനുഗ്രഹംതേടി വിശ്വാസികൾ ഒഴുകിയെത്തും.
ഇന്നു വൈകീട്ടു നാലിനു മാലാഖയുടെ ദാസീ-ദാസൻ സമർപ്പണകുർബാനയ്ക്കു ഫാ. ആന്റണി ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും.
നാളെ വൈകീട്ടു നാലിനു പൊന്തിഫിക്കൽ ദിവ്യബലിക്കു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ്, നേർച്ചഭക്ഷണം ആശീർവാദം. വൈകീട്ട് ആറുമുതൽ പത്തുവരെ ഊട്ടുനേർച്ച. അഞ്ച് അങ്ങാടികളിൽനിന്ന് വള എഴുന്നള്ളിപ്പ് രാത്രി ദേവാലയത്തിലെത്തും.
തിരുനാൾദിനമായ 24നു രാവിലെ 10ന് ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നൽകും. രാവിലെ എട്ടുമുതൽ രണ്ടുവരെ ഊട്ടുനേർച്ച. വൈകീട്ടു നാലിനു പള്ളിയിൽനിന്ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികൾ.