ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നു മേയറും
1601904
Wednesday, October 22, 2025 7:19 AM IST
തൃശൂർ: പുല്ലുവെട്ടുപോലും നേരാംവണ്ണം നടക്കാത്ത കോർപറേഷനിലെ മാലിന്യസംസ്കരണം പാളിയെന്നു പ്രതിപക്ഷം. ഭരണാധികാരികൾക്കുപോലും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവച്ച് മേയറും. മാലിന്യസംസ്കരണത്തിനു പത്തുവർഷംകൊണ്ട് ചെലവിട്ട 75 കോടിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.
ശുചിത്വനഗരത്തിന്റെ പുരസ്കാരം വാങ്ങിയ കോർപറേഷനിൽ പുല്ലുവെട്ടുപോലും നടക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇതു ശരിവച്ച മേയർ ഹെൽത്ത് സൂപ്രണ്ടിന് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹത്തിനെതിരേ നടപടിയെടുക്കുമെന്നും പറഞ്ഞു.
സിപിഎം നേതാവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. ഷാജൻ യോഗത്തിനെത്തുന്നതിനുമുമ്പാണ് മേയറടക്കമുള്ളവർ ആരോഗ്യവിഭാഗത്തെ പ്രതിക്കൂട്ടിലാക്കിയത്. പുല്ലുവെട്ടിയന്ത്രങ്ങള് കേടായതിനാലാണ് പുല്ലുവെട്ട് നടക്കാത്തതെന്ന് എച്ച്ഐ അറിയിച്ചപ്പോൾ, വിഷയം അടുത്ത ഭരണസമിതി കൈകാര്യം ചെയ്തുകൊള്ളുമെന്നായി കൗൺസിലർമാർ. യുഡിഎഫിന്റെ കാലത്ത് ആരംഭിച്ച ശക്തനിലെ ഇൻസിനറേറ്റർ, 12 ഓളം ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ അടച്ചുപൂട്ടി. മാലിന്യസംസ്കരണവും പൊതുകാനകളിലെ ശുചീകരണപ്രവർത്തനങ്ങളും വലിയ തോടുകളിലെ മാലിന്യനീക്കവും പരാജയപ്പെട്ടത് എൽഡിഎഫ് കാലഘട്ട ത്തിലാണെന്നു പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
കുരിയച്ചിറയിൽ ഇപ്പോൾ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് ഒഡബ്ല്യുസി പ്ലാന്റ് രണ്ടുവർഷംമുമ്പ് വാങ്ങി ഗാരന്റി പിരീഡ് കഴിഞ്ഞിട്ടും ഇപ്പോഴും പ്രവർത്തനസജ്ജമാക്കിയിട്ടില്ല. ഒന്നരക്കോടി മുടക്കിയാണ് പ്ലാന്റ് വാങ്ങിയത്. ഇതുവരെ മാലിന്യം സംസ്കരിക്കാൻ സാധിച്ചിട്ടില്ല എന്നത് എൽഡിഎഫ് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും വിളിച്ചറിയിക്കുന്നതാണെന്നും രാജൻ പല്ലൻ കുറ്റപ്പെടുത്തി. ഇത്രയും പരാജയപ്പെട്ട ഒരു ഭരണസംവിധാനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.
പ്രതിപക്ഷ ആരോപണത്തെ എതിർക്കാതെ ഭരണകക്ഷിയംഗങ്ങളും മിണ്ടാതിരുന്നു. മേയറും പ്രതിപക്ഷത്തോടു യോജിച്ചതോടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും വെട്ടിലായി. ഇതിനിടെ, ബയോബിൻ നൽകുന്നതു മാറ്റി ഓർഗാനിക് ബിൻ ആക്കിയ നടപടിയെ ഭരണകക്ഷിയിലെ സി.പി. പോളി എതിർത്തു.
“ചെന്പുകന്പി കള്ളൻ കപ്പലിൽതന്നെ”
കോർപറേഷന്റെ പറവട്ടാനി സ്റ്റോറിൽനിന്ന് അമ്പതുലക്ഷം രൂപയുടെ ചെമ്പുകമ്പി മോഷ്ടിച്ചവരെ ഇനിയും പിടികൂടാത്തതു നാണക്കേടാണെന്നു പ്രതിപക്ഷം. കള്ളൻ കപ്പലിൽതന്നെയുണ്ട്. എന്നിട്ടും എൽഡിഎഫ് ഭരണസമിതി ഇരുട്ടിൽതപ്പുകയാണ്. 11 ടൺ ചെമ്പുകമ്പിയാണ് മോഷണം പോയത്. ശബരിമലയിലെ സ്വർണം ചെമ്പാക്കിയവർ ഇവിടെയും വന്ന് ചെമ്പ് കൊണ്ടുപോയതാണോയെന്നും പ്രതിപക്ഷത്തെ കെ. രാമനാഥൻ പരിഹസിച്ചു.