എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് രാജിവച്ചു
1601899
Wednesday, October 22, 2025 7:19 AM IST
പാവറട്ടി: എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് മെമ്പർ സ്ഥാനവും ജിയോ ഫോക്സ് രാജിവച്ചു. ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജനാണ് രാജിക്കത്ത് സമർപ്പിച്ചത്.
സിപിഎമ്മിനെ തള്ളിപ്പറഞ്ഞ ജിയോ ഫോക്സ് സിപിഎം കടുത്ത അവഗണനയാണ് തന്നോടു കാണിച്ചതെന്നു പറഞ്ഞു. കഴിഞ്ഞദിവസം അച്ചടക്കലംഘനത്തിന്റെ പേരിൽ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നു ജിയോ ഫോക്സിനെ പാർട്ടി ജില്ലാ സെക്രട്ടറി പുറത്താക്കിയിരുന്നു.
എളവള്ളി ഗ്രാമപഞ്ചായത്തിനു കഴിഞ്ഞ കാലഘട്ടത്തിൽ സംസ്ഥാനതലത്തിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്നുവെന്നു ജിയോ ഫോക്സ് പറഞ്ഞു. പഞ്ചായത്തിലെ ജീവനക്കാരും സഹപ്രവർത്തകരും ഒപ്പംനിന്നതും വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനു സഹായകരമായി.
പാർട്ടി ഏതെന്നു നോക്കാതെ തന്റെ അടുത്തുവരുന്ന എല്ലാവർക്കും ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞു എന്നതാണ് തന്റെ നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് നിലപാട് ഉള്ളിൽ സൂക്ഷിച്ചതുകൊണ്ടാണ് എളവള്ളിയിൽ വികസനം കൊണ്ടുവരാൻ സാധിച്ചതെന്നും ജിയോ ഫോക്സ് കൂട്ടിച്ചേർത്തു.
പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചതിനെതുടർന്ന് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപിനു സെക്രട്ടറി തോമസ് രാജൻ പ്രസിഡന്റിന്റെ ചുമതല നൽകി.