സർക്കാരിൽ തീരുമാനമില്ല; നേപ്പാളിൽ സ്ഥിതി സങ്കീർണം
Friday, September 12, 2025 2:57 AM IST
കാഠ്മണ്ഡു: നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരണം സങ്കീർണമാകുന്നു. പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ജെൻ സി നേതാക്കൾ ഇന്നലെ പ്രസിഡന്റ് രാമചന്ദ്ര പൗദേൽ, കരസേനാ മേധാവി അശോക് രാജ് സിഗ്ദേൽ എന്നിവരുമായി സർക്കാർ രൂപീകരണം സംബന്ധിച്ചു ചർച്ച നടത്തി.
ഇടക്കാല സർക്കാരിന്റെ നേതൃത്വം ആർക്കെന്നതാണു തർക്കവിഷയം. മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കി പ്രധാനമന്ത്രിയാകണമെന്ന് ഒരു വിഭാഗം ജെൻ സി നേതാക്കൾ ആവശ്യപ്പെടുന്നു.
എന്നാൽ, നേപ്പാൾ ഇലക്ട്രിസിറ്റി അഥോറിറ്റി മുൻ സിഇഒ കുൽമാൻ ഗിഷിംഗ്, കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ, ധരൺ മേയർ ഹർക സംപാംഗ് എന്നിവരെയും ചില ജെൻ സി നേതാക്കൾ പരിഗണിക്കുന്നു. അതേസമയം, തങ്ങൾ സർക്കാരിന്റെ ഭാഗമാകാനില്ലെന്നു ജെൻ സി നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലുണ്ടായ പ്രക്ഷോഭത്തിൽ നേപ്പാളിൽ ഇതുവരെ 34 പേർ കൊല്ലപ്പെട്ടു. ആയിരത്തിയഞ്ഞൂറോളം പേർക്കു പരിക്കേറ്റു.
ഇന്നലെ ജയിൽ ചാടാൻ ശ്രമിച്ച മൂന്നു തടവുകാർ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിലൂടെ രക്ഷപ്പെടാനായിരുന്നു തടവുകാരുടെ പദ്ധതി. രാജ്യത്തെ 25 ജയിലുകളിൽനിന്ന് 15,000 തടവുകാരാണ് രക്ഷപ്പെട്ടത്. കാസ്കി ജില്ലാ ജയിലിൽനിന്നു രക്ഷപ്പെട്ടവരിൽ 13 ഇന്ത്യൻ പൗരന്മാരും നാലു മറ്റു രാജ്യക്കാരും ഉൾപ്പെടുന്നു.
കാഠ്മണ്ഡു താഴ്വരയിലെ മൂന്നു ജില്ലകളിൽകൂടി സൈന്യം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഠ്മണ്ഡു അടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സൈന്യം നിതാന്ത ജാഗ്രതയിലാണ്.
ചർച്ചയിലൂടെ പ്രശ്നപരിഹാരമുണ്ടാകണമെന്നു പ്രസിഡന്റ് രാമചന്ദ്ര പൗദേൽ ഇന്നലെ അഭ്യർഥിച്ചു. ജെൻ സി പ്രക്ഷോഭകർ പ്രസിഡന്റിന്റെ ഓഫീസും വസതിയും കത്തിച്ചിരുന്നു. അതിനു ശേഷം പ്രസിഡന്റ് സൈന്യത്തിന്റെ സംരക്ഷണത്തിലാണു കഴിയുന്നത്.
നേപ്പാൾ പാർലമെന്റ് പിരിച്ചുവിടണമെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും പ്രക്ഷോഭം നടത്തിയ ജെൻ സി നേതാക്കൾ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദിവാകർ ഡാംഗൽ, അമിത് ബനിയ, ജുനൽ ഡാംഗൽ തുടങ്ങിയ നേതാക്കൾ വാർത്താസമ്മേളനത്തിനെത്തിയിരുന്നു.
രാഷ്ട്രീയ പാർട്ടികൾ അവരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടി തങ്ങളെ ഉപയോഗിക്കാൻ ശ്രമിക്കരുതെന്ന് ജെൻ സി നേതാക്കൾ മുന്നറിയിപ്പ് നല്കി. “ഇതു പൂർണമായും പൊതുജന പ്രസ്ഥാനമാണ്. ഇതിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കരുത്.
ഈ വിഷമകരമായ സാഹചര്യത്തിൽ ജനതയുടെ ക്ഷേമവും താത്പര്യവും സംരക്ഷിക്കുന്നതിന് എല്ലാ നേപ്പാളികളും ഒരുമിച്ചു നിൽക്കണം. ഭരണഘടന റദ്ദാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നില്ല. എന്നാൽ, വലിയ ഭേദഗതികൾ ആവശ്യമാണ്.” - ഒരു ജെൻ സി നേതാവ് പറഞ്ഞു.