ബാഗ്രാമിൽ കണ്ണുവച്ച് ട്രംപ്
Friday, September 19, 2025 10:51 PM IST
ലണ്ടൻ: അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമതാവളം വീണ്ടും നിയന്ത്രണത്തിലാക്കാൻ അമേരിക്ക ഉദ്യമിക്കുന്നതായി പ്രസിഡന്റ് ട്രംപ്.
തന്ത്രപരമായി ചൈനയോട് അടുത്തുള്ള ബാഗ്രാം തിരിച്ചുകിട്ടാൻ അമേരിക്ക ശ്രമം നടത്തുന്നതായി അദ്ദേഹം അറിയിച്ചു. അതേസമയം, അഫ്ഗാനിസ്ഥാനിൽ വീണ്ടും അമേരിക്കൻ സേനാ സാന്നിധ്യം ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ ഭരണകൂടം ട്രംപിനു മറുപടി നല്കി.
കാബൂളിന് 60 കിലോമീറ്റർ വടക്കുള്ള ബാഗ്രാം വ്യോമതാവളം അധിനിവേശ സോവ്യറ്റ് സേന നിർമിച്ചതാണ്. വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്ക അൽക്വയ്ദയ്ക്ക് എതിരേ യുദ്ധത്തിനായി അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയപ്പോൾ ബാഗ്രാം മുഖ്യ സൈനികതാവളമാക്കി മാറ്റി. 2021ൽ അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറുകയും താലിബാൻ ഭീകരർ ഭരണം പിടിച്ചെടുക്കുകയുമായിരുന്നു.
രാഷ്ട്രീയ, സാന്പത്തിക സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്കയുമായി ചർച്ചയാകാമെന്നും എന്നാൽ, അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയെ അനുവദിക്കില്ലെന്നും താലിബാൻ വിദേശകാര്യ മന്ത്രാലയം ട്രംപിനു മറുപടി നല്കി.
അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യവും പരമാധികാരവും ചൈന വിലമതിക്കുന്നുവെന്നും അഫ്ഗാനിസ്ഥാന്റെ ഭാവി അവിടുത്തെ ജനങ്ങളാണു നിശ്ചയിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ഇതിനിടെ, അഫ്ഗാനിസ്ഥാനിൽ തടവിലുള്ള അമേരിക്കൻ പൗരന്മാരുടെ മോചനത്തിനായി യുഎസ് നേതാക്കൾ താലിബാൻ ഭരണകൂടവുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ പ്രതിനിധികളായ ആദം ബോയ്ലർ, സൽമയ് ഖലിൽസാദ് തുടങ്ങിയവർ കഴിഞ്ഞ ശനിയാഴ്ച താലിബാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്താഖിയുമായി കൂടിക്കാഴ്ച നടത്തി.