മാലപൊട്ടിക്കൽ, മോഷണം: പ്രതികൾ പിടിയിൽ
Friday, May 17, 2024 2:06 AM IST
തൃശൂർ: കേരളത്തിലെ വിവിധ ജില്ലകളിൽ കറങ്ങിനടന്നു സ്ത്രീകളുടെ മാലപൊട്ടിച്ച കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതികൾ പിടിയിൽ.
വടക്കാഞ്ചേരി കല്ലംപറന്പ് വടരാട്ടിൽ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ സാജു എന്ന സാജുദ്ദീൻ (31) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ 15നു മെഡിക്കൽ കോളജ് പരിധിയിൽനിന്നു സ്ത്രീകളുടെ മാലപൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് അറസ്റ്റ്.
ചാവക്കാട് വ്യാപാരിയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ച കേസ്, ഒരുമാസം മുന്‍പ് പുനലൂരിൽ സ്ത്രീയുടെ മാലപൊട്ടിച്ച കേസ്, കൊല്ലത്തു സ്ത്രീയുടെ മാലപൊട്ടിച്ച കേസ്, കൊല്ലത്തുനിന്നുതന്നെ ബൈക്ക് മോഷ്ടിച്ചതടക്കമുള്ള കേസുകൾ ഇവർക്കെതിരേയുണ്ട്.
അനുരാഗിനെതിരേ നേരത്തേതന്നെ കേരളത്തിലെ വിവിധ ജില്ലകളിൽ മുപ്പതോളം മോഷണക്കേസുകളുണ്ട്. സജുവിനെതിരേയും തൃശൂർ, പാലക്കാട് ജില്ലകളിൽ മോഷണക്കേസുകളുണ്ട്.
മോഷണമുതൽ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങിനടന്ന് ആർഭാടജീവിതം നയിക്കുകയാണു പ്രതികളുടെ പതിവ്.
മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ശരത് സോമൻ, പ്രദീപ്, എഎസ്ഐ ഷാജി വർഗീസ്, സിപിഒ രമേഷ് ചന്ദ്രൻ, തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ കെ.എ. തോമസിന്റെ നേതൃത്വത്തിൽ സാഗോക് ടീം അംഗങ്ങളായ എസ്ഐ പി.എം. റാഫി, സീനിയർ സിപിഒമാരായ പി.കെ. പഴനിസ്വാമി, കെ.ജി. പ്രദീപ്, സജി ചന്ദ്രൻ, സിപിഒമാരായ സിംസണ്‍, അരുണ്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.