ജമാഅത്തെ ഇസ്ലാമി ആർഎസ്എസിന്റെ മുസ്ലിം പതിപ്പ്: ബിനോയ് വിശ്വം
Thursday, June 12, 2025 2:47 AM IST
നിലന്പൂർ: ആർഎസ്എസിന്റെ മുസ്ലിം പതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നിലമ്പൂർ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെതിരേ ബിനോയ് വിശ്വത്തിന്റെ രൂക്ഷവിമർശനം.
വെൽഫെയർ പാർട്ടി-യുഡിഎഫ് സഖ്യം ചേരേണ്ടവർ തമ്മിൽ ചേർന്നുവെന്നു മാത്രം കരുതിയാൽ മതി. വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രവാദികളാണ്.
അതിനാൽ വെൽഫെയർ പിന്തുണ മറക്കാൻ പിഡിപി പിന്തുണ പറഞ്ഞാൽ വിലപ്പോകില്ല. അബ്ദുൾനാസർ മദനിയും പിഡിപിയും മതരാഷ്ട്രീയം പറയുന്നില്ല. അവർ മുൻ നിലപാടുകളെ നേരത്തേ തള്ളിപ്പറഞ്ഞവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിണറായി സർക്കാരിന്റെ ഭരണ വിലയിരുത്തലാകുമോ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് ചോദ്യത്തിന് എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിയായിരിക്കും വോട്ടു ചോദിക്കുക എന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.