വയനാട്ടിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കും
Thursday, June 12, 2025 2:47 AM IST
തിരുവനന്തപുരം: വയനാട് പുൽപ്പള്ളി പഴശിരാജ കോളജിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചു. 100 കിലോമീറ്റർ ചുറ്റളവിൽ കാലാവസ്ഥാ നിരീക്ഷണം നടത്താനാകുന്ന X ബാൻഡ് റഡാറാണ് സ്ഥാപിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ബത്തേരി രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാൽ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസ് എന്നിവർ ഒപ്പുവച്ചു.
ബംഗളൂരു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ തയാറാക്കിയ റഡാർ പുൽപ്പള്ളി പഴശിരാജ കോളജിൽ സ്ഥാപിക്കാനുള്ള പ്രവർത്തനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആരംഭിക്കും. തമിഴ്നാടിനും കർണാടകയ്ക്കും റഡാറിന്റെ പ്രയോജനം ലഭിക്കും. മഴമേഘങ്ങളുടെ സവിശേഷ സ്വഭാവം പഠിക്കാനുള്ള സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, കേന്ദ്ര കാലാവസ്ഥാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പഴശിരാജ കോളജിൽ ദുരന്ത ലഘൂകരണ രംഗത്തെ കോഴ്സുകൾ തുടങ്ങാനും പദ്ധതിയുണ്ട്.
മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി. സുധീർ, സുൽത്താൻ ബത്തേരി ശ്രേയസ് ഡയറക്ടർ ഫാ. ഡേവിഡ് ആലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.