അമേരിക്ക ഇനിയൊരു ശീതയുദ്ധത്തിനില്ല: ബൈഡൻ
Wednesday, September 22, 2021 12:47 AM IST
ന്യൂയോർക്ക്: അമേരിക്ക ഇനിയൊരു ശീതയുദ്ധമോ വിഭജിത ലോകമോ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ അമേരിക്കയെയും സഖ്യകക്ഷികളെയും അവരുടെ താത്പര്യങ്ങളെയും ഏത് ആക്രമണങ്ങളിൽനിന്നും അതിശക്തമായി സംരക്ഷിക്കും.
ഐക്യരാഷ്ട്രസഭയുടെ 76-ാമതു ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുഎസും ചൈനയും തമ്മിൽ പല കാര്യങ്ങളിൽ അഭിപ്രായഭിന്നത രൂക്ഷമായി വരുന്നതിനിടെയാണ് തന്റെ പ്രഥമ യുഎൻ പ്രസംഗത്തിൽ ബൈഡൻ നിലപാടു വ്യക്തമാക്കിയത്.
യുഎസ് -ഓസ്ട്രേലിയ ആണവ അന്തർവാഹിനി കരാറിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന ഫ്രാൻസിനെ അനുനയിപ്പിക്കുന്ന വാക്കുകളും ബൈഡനിൽനിന്നുണ്ടായി. നിർണായകമായ പതിറ്റാണ്ടിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ആ ഘട്ടത്തിൽ അമേരിക്ക സഖ്യകക്ഷികളുമായി സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനം, കോവിഡ് വ്യാപനം, അഫ്ഗാനിസ്ഥാനിൽനിന്നുള്ള സൈനിക പിന്മാറ്റം തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎൻ ജനറൽ അസംബ്ലി ചേരുന്നത്. ഒത്തൊരുമ ഏറ്റവും കൂടുതൽ അത്യാവശ്യമുള്ള ഘട്ടമാണിത്. സൈനികവിന്യാസം അവസാന ആശ്രയമായിരിക്കണമെന്നും അഫ്ഗാൻ പിന്മാറ്റത്തെ ന്യായീകരിച്ച് ബൈഡൻ പറഞ്ഞു.