കാലാവസ്ഥാ വ്യതിയാനം: ഇന്ത്യയിൽ ആഭ്യന്തര പലായനം നടത്തിയത് അരക്കോടിയിലേറെ പേർ
Saturday, June 18, 2022 12:31 AM IST
യുഎൻ: കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തം തുടങ്ങിയവ മൂലം 2021 ൽ ഇന്ത്യയിൽ അരക്കോടിയിലേറെ ആളുകൾ ആഭ്യന്തര പലായനം നടത്തിയെന്നു യുഎൻ.
സംഘർഷങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഭക്ഷ്യക്ഷാമവും കാലാവസ്ഥ വ്യതിയാനവും യുക്രെയ്ൻ സംഘർഷവും ആഫ്രിക്കയിലെയും അഫ്ഗാനിസ്ഥാനിലെയും പ്രശ്നങ്ങളും ഉൾപ്പെടെ സൃഷ്ടിച്ച വെല്ലുവിളിയെത്തുടർന്ന് ആഗോളതലത്തിൽ പത്തുകോടി ആളുകൾ പലായനം ചെയ്തതായും യുഎൻ അഭയാർഥി ഏജൻസി (യുഎൻഎച്ച്സിആർ) വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ഒരു ദശകമായി വീടുവിട്ടുപോകേണ്ട കുടുംബങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാനാവൂ എന്ന നിർദേശവും അവർ മുന്നോട്ടുവയ്ക്കുന്നു.
2021 അവസാനം വരെയുള്ള കണക്കനുസരിച്ച് യുദ്ധം, ആഭ്യന്തരസംഘർഷം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ മൂലം 8.93 കോടി ആളുകൾക്കാണു മറ്റിടങ്ങളിലേക്കു ചേക്കേറേണ്ടിവന്നത്. തൊട്ടുമുന്‍പുള്ള വർഷത്തേക്കാൾ എട്ടു ശതമാനത്തിന്റെ വർധനയാണ് ഇക്കാര്യത്തിൽ കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്.