സിഡ്നിയിൽ കത്തിയാക്രമണം; ആറു മരണം
Sunday, April 14, 2024 2:10 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ തിരക്കേറിയ ഷോപ്പിംഗ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഒന്പതുമാസം പ്രായമുള്ള പിഞ്ചുകുട്ടിയുൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.
നഗരത്തിന്റെ കിഴക്കൻ പ്രാന്തത്തിൽ ബോണ്ടി ജംഗ്ഷനിലുള്ള വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെന്ററിൽ പ്രാദേശികസമയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു ഓസ്ട്രേലിയയെ നടുക്കിയ കൊടും ക്രൂരകൃത്യം. ഒരു മണിക്കൂറിനുശേഷം നാല്പതുകാരനായ അക്രമിയെ വനിതാ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു.
വലിയ കത്തിയും കൈയിലേന്തി മാളിലെത്തിയ അക്രമി കണ്ണിൽകണ്ടവരേയെല്ലാം കുത്തിവീഴ്ത്തിയതോടെ മാളിലെത്തിയ നൂറുകണക്കിനുപേർ ഭയചകിതരായി രക്ഷപ്പെടാൻ ശ്രമിച്ചു. ഒന്പതുമാസം പ്രായമുള്ള കുഞ്ഞുമായെത്തിയ അമ്മയെപ്പോലും അക്രമി വെറുതെ വിട്ടില്ല. അക്രമിയെ കീഴടക്കാൻ പലരും ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. മേശയും കസേരയും ഉൾപ്പെടെ വലിച്ചെറിഞ്ഞുവെങ്കിലും ഇയാൾ ആക്രമണം തുടരുകയായിരുന്നു.
എസ്കലേറ്ററിലൂടെ കെട്ടിടത്തിന്റെ മുകളിലെത്തുന്നതിനിടെ ഒരാൾ അക്രമിയെ തടയാൻ ശ്രമിക്കുന്നതുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കത്തിയുമായി ജനങ്ങൾക്കുനേരേ ചാടിവീഴുന്ന ദൃശ്യങ്ങളുമുണ്ട്.
അക്രമിയെ കൊലപ്പെടുത്തിയശേഷമാണ് മാളിലുണ്ടായിരുന്ന ആളുകളെയെല്ലാം സുരക്ഷാസേന പുറത്തെത്തിച്ചത്. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്ന് സിഡ്നി നഗരം ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് പോലീസ് മേധാവി കാരൻ വെബ് അറിയിച്ചു. അക്രമിക്കൊപ്പം മറ്റാരുമില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും സ്ഥിരീകരിച്ചു.