നൈജറിൽ ജയിലിൽനിന്ന് ഭീകരർ ഉൾപ്പെടെയുള്ള തടവുകാർ രക്ഷപ്പെട്ടു
Saturday, July 13, 2024 12:57 AM IST
നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ജയിലിൽ പാർപ്പിച്ച ഭീകരർ ഉൾപ്പെടെയുള്ള ജിഹാദിതടവുകാർ തടവുചാടി.
തലസ്ഥാനമായ നിയാമെയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള തില്ലാബെരി മേഖലയിൽപ്പെട്ട കൗതൗകലെയിലെ അതീവസുരക്ഷയുള്ള ജയിലിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
സംഭവത്തെത്തുടർന്ന് തില്ലാബെരി മേഖലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തടവുചാടിയവരിൽ അൽക്വയ്ദ, ഐഎസ് ഭീകരരുമുൾപ്പെടുന്നു.
തില്ലാബെരി മേഖലയിൽ കഴിഞ്ഞ തിങ്കളാഴ്ച അൽക്വയ്ദയുമായി ബന്ധപ്പെട്ട ജിഹാദി സംഘടന നടത്തിയ ഭീകരാക്രമണത്തിൽ 14 സൈനികർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി തുടരുന്ന ഭീകരാക്രമണങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെടുകയും 30 ലക്ഷത്തോളം പേർ അഭയാർഥികളാകുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിക ഭീകരരുടെ താണ്ഡവം ഈ രാജ്യത്ത് വലിയൊരു മാനുഷിക പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ഇതേ ജയിലിൽ 2016ലും 2019ലും തടവുകാർ കൂട്ടത്തോടെ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും അധികൃതർക്കു തടയാനായിരുന്നു.