കേരള ബാങ്ക്: റിസർവ് ബാങ്ക് പഠനം നടത്തിയിട്ടില്ലെന്നു കേന്ദ്രം
Monday, November 18, 2019 11:40 PM IST
ന്യൂഡൽഹി: കേരള ബാങ്കിന്റെ വരവ് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾക്കുമേൽ എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് പഠനം നടത്തിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. കേരള സഹകരണ ബാങ്ക് ലിമിറ്റഡിനെയും പതിമൂന്നു ജില്ലാ സഹകരണ ബാങ്കുകളെയും കൂട്ടിയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശിപാർശയ്ക്ക് റിസർവ് ബാങ്ക് അംഗീകാരം നൽകിയിട്ടുണ്ട്.
എന്നാൽ, ഇത് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളെ പ്രതികൂലമായി എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കുന്ന പഠനമൊന്നും റിസർവ് ബാങ്ക് നടത്തിയിട്ടില്ല. സഹകരണ ബാങ്കുകളുടെ ജനറൽ ബോഡി യോഗത്തിൽ നേരിയ ഭൂരിപക്ഷത്തിലാണ് തീരുമാനം അംഗീകരിക്കപ്പെട്ടതെന്നും എംപിമാരായ ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ എന്നിവർക്ക് രേഖാ മൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നു. കേരള സഹകരണ സൊസൈറ്റി നിയമത്തിന്റെ 14 എ വകുപ്പ് ഭേദഗതി ചെയ്തത് ഹൈക്കോടതി ശരിവെച്ചതിന്റെ അടിസ്ഥാനത്തിലും റിസർവ് ബാങ്കിന്റെ നിബന്ധനകൾ സംസ്ഥാന സർക്കാർ പാലിച്ചതുകൊണ്ടുമാണ് കേരള ബാങ്കിന് അംഗീകാരം ലഭിച്ചത്.
അംഗീകാരത്തിന് 2020 മാർച്ച് 31 വരെ ആറുമാസക്കാലത്തേക്ക് മാത്രമേ സമയപരിധിയുള്ളൂ.