അവശരായിക്കണ്ട വയോധികരെ പോലീസ് പുനർജനി വയോജന കേന്ദ്രത്തിലെത്തിച്ചു
1282730
Friday, March 31, 2023 12:10 AM IST
വിഴിഞ്ഞം: ബന്ധുക്കളെ തേടിയെത്തി കടവരാന്തയിൽ അവശരായിക്കണ്ട വയോധികരെ പോലീസെത്തി പുനർജനി വയോജന കേന്ദ്രത്തിൽ എത്തിച്ചു.
കഴക്കൂട്ടം കിഴക്കുംഭാഗം അമ്പാടി ഹൗസിൽ പി. ഗോപാലകൃഷ്ണൻ (71), ഒപ്പമുണ്ടായിരുന്ന കൊല്ലം അരിപ്പ സ്വദേശിനി ഭാരതി (65) എന്നിവരെയാണ് അഭയ കേന്ദ്രത്തിലെത്തിച്ചത്. വെങ്ങാനൂർ നെല്ലിവിള ക്ഷേത്രത്തിനു സമീപത്തെ കടവരാന്തയിലാണ് ഇവരെ കണ്ടെത്തിയത്. തുടർന്നു നാട്ടുകാരാണു വിഴിഞ്ഞം പോലീസിൽ അറിയിച്ചത്. ഗോപാലകൃഷ്ണനു കാഴ്ചശക്തിയില്ല. കഴിഞ്ഞ 13 ദിവസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ മറ്റുരോഗികൾ നൽകിയ പണവുമായി ഓട്ടോയിൽ വെങ്ങാനൂരിലെത്തുകയായിരുന്നു. ഇയാൾക്ക് വെങ്ങാനൂരിൽ ബന്ധുക്കൾ ഉണ്ടെന്നു പറയുന്നെങ്കിലും ഏറ്റെടുക്കാൻ ആരും എ ത്തിയില്ല. ഗോപാലകൃഷ്ണന്റെ ഭാര്യ നേരെത്തെ മരിച്ചു. മൂന്നു മക്കളുണ്ടെങ്കിലും ഇവർ നോക്കാറില്ലെന്നു പറയുന്നു.
ഭാരതിയുടെ ഭർത്താവും മരിച്ചു. ഇവർക്കും മൂന്നു മക്കളുണ്ട്. ഭാരതിയുടെ ബന്ധുവാണു ഗോപാലകൃഷ്ണനെന്നു പറയുന്നുണ്ടെങ്കിലും വ്യക്തതയില്ലെന്നു വിഴിഞ്ഞം പോലീസ് അറിയിച്ചു.