അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ
1281426
Monday, March 27, 2023 12:24 AM IST
അങ്ങാടിപ്പുറം: പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന ഈ വർഷത്തെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷ പരിപാടികൾ നാളെ ആരംഭിക്കും.
ആചാരാനുഷ്ടാന ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകി നടക്കുന്നത് അങ്ങാടിപ്പുറം പൂരത്തിന്റെ പ്രത്യേകയാണ്. മറ്റു പൂരങ്ങളിൽ നിന്നു വിഭിന്നമായി മൂന്നാം പൂര ദിവസം വൈകുന്നേരമാണ് ഉത്സവ കൊടിയേറ്റ്. ഒന്നാം പൂര ദിവസത്തെ പുറപ്പാടെഴുന്നള്ളിപ്പ്, മൂന്നാം ദിവസത്തെ ഉത്സവ കൊടിയേറ്റ്, ഏഴ്, പത്ത്, പതിനൊന്നൊന്ന് പൂര ദിവസങ്ങളും പ്രധാനമാണ്. ഇത്തവണ കൂടുതൽ ജനകീയമായ പരിപാടികളും പൂരാഘോഷത്തിന് അനുബന്ധമായുണ്ട്. പൂരം പുറപ്പാടിന്റെ തലേ ദിവസം പൂരം വിളംബരം ചെയ്തുള്ള വിളംബര ഘോഷയാത്രയും അഞ്ചാം പൂര ദിവസം സാംസ്ക്കാരിക സമ്മേളനവും നടക്കും. പൂരപറന്പ് സോപാനം ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ അഞ്ചാംപൂര ദിവസമായ ഏപ്രിൽ ഒന്നിന് വെകീട്ട് 4.30ന് ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി അധ്യക്ഷനായിരിക്കും. മഞ്ഞളാംകുഴി അലി എംഎൽഎ പങ്കെടുക്കും. ചടങ്ങിൽ ദേവസ്വത്തിന്റെ ഈ വർഷത്തെ മാന്ധാദ്രി പുരസ്ക്കാരം പത്മഭൂഷണ്‍ ഡോ.മല്ലിക സാരാഭായ്ക്ക് നൽകും. പതിനൊന്നാം പൂര ദിവസം നടക്കുന്ന അനുബന്ധ പൂരം എഴുന്നള്ളിപ്പ് വിപുലമായാണ് സംഘടിപ്പിച്ചിട്ടുള്ളത്. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമാണ് സമീപ പ്രദേശങ്ങളിൽ നിന്നു ഗജവീരൻമാരെ അണിനിരത്തിയുള്ള എഴുന്നള്ളിപ്പുകൾ അനുബന്ധ പൂരത്തിന്റെ ഭാഗമാകുന്നത്. പൂര നാളുകളിൽ ദിവസവും രാവിലെയും വൈകീട്ടും വിവിധ പ്രാദേശിക കൂട്ടായ്മകൾ ഒരുക്കുന്ന കലാപരിപാടികൾ അരങ്ങേറും. വിവിധ ദിവസങ്ങളിൽ പൂരപ്പറന്പിലെ സോപാനം ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ രാത്രി പ്രഫഷണൽ സംഘങ്ങൾ അവതരിപ്പിക്കുന്ന നാടകങ്ങൾ, സംഗീതക്കച്ചേരികൾ, കഥകളിയും ഒരുക്കിയിട്ടുണ്ട്. പ്രശസ്തരായ വാദ്യകലാകാരൻമാർ അണിനിരക്കുന്ന തായന്പക,ഡബിൾ തായന്പക, പഞ്ചാരിമേളം, പഞ്ചമദ്ദളകേളി, പഞ്ചവാദ്യം എന്നിവയും ശ്രദ്ധേയമാകും. ഒന്ന്, ഏഴ്, പത്ത്, പതിനൊന്ന് പൂരങ്ങൾക്ക് വെടിക്കെട്ടും ഉണ്ടാകും.