ചാലിയാർ പഞ്ചായത്തിലെ വന്യമൃഗ ശല്യം; എംപിയും എംഎൽഎയും ഇടപെടണമെന്ന് എൽഡിഎഫ്
1577282
Sunday, July 20, 2025 5:31 AM IST
25ന് സർവകക്ഷിയോഗം
നിലന്പൂർ:ചാലിയാർ പഞ്ചായത്തിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരത്തിന് എംപിയും എംഎൽഎയും ഇടപെടണമെന്ന് എൽഡിഎഫ്. പഞ്ചായത്തിൽ വന്യമൃഗശല്യം രൂക്ഷമാകുന്പോൾ പ്രശ്ന പരിഹാരത്തിന് എംപിയും എംഎൽഎയും കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന് എൽഡിഎഫ് ചാലിയാർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വന്യമൃഗശല്യം പരിഹരിക്കാൻ എംപി, എംഎൽഎ ഫണ്ടുകളും ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും ലഭിക്കണം. എന്നാൽ ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ചാലിയാർ ഗ്രാമപഞ്ചായത്ത് കാർഷിക മേഖലക്കായി വകയിരുത്തിയിട്ടുള്ള ഫണ്ട് നീക്കിവയ്ക്കാൻ തയാറാണ്. സംസ്ഥാന സർക്കാരും വനംവകുപ്പും ഇക്കാര്യത്തിൽ അനുഭാവപൂർണമായ നടപടികളാണ് സ്വീകരിക്കുന്നത്.
നിലന്പൂരിൽ 27.3 കിലോമീറ്റർ ഭാഗത്ത് വനം വകുപ്പ് സോളാർ വൈദ്യുതി തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. ഏറനാട്ടിലും ചാലിയാറിലും ഇക്കാര്യത്തിൽ എന്ത് നടപടിയാണ് ഉണ്ടായിട്ടുള്ളതെന്ന് എംഎൽഎ വ്യക്തമാക്കണമെന്ന് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
ചാലിയാർ പഞ്ചായത്തിന്റെ 55 ശതമാനവും വനമാണ്. ബാക്കിയുള്ള 45 ശതമാനം സ്ഥലമാണ് ജനവാസയോഗ്യമായത്. ഇതിൽ 70 ശതമാനം ജനങ്ങളും കൃഷി ഉപജീവനമാക്കിയവരാണ്. വന്യമൃഗശല്യം പരിഹരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. പന്തീരായിരം വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ വരുന്നത് തടയാൻ സോളാർ വൈദ്യുതി തൂക്കുവേലികൾ ആവശ്യമാണ്.
ഇതിന്റെ അറ്റകുറ്റപണികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം. നിലന്പൂർ നോർത്ത് ഡിഎഫ്ഒയെ നേരിൽ കണ്ട് പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന്റെ രൂക്ഷത ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 25 ന് ഉച്ചക്കുശേഷം മൂന്നിന് പഞ്ചായത്ത് ഹാളിൽ സർവകക്ഷി യോഗം തന്റെ നേതൃത്വത്തിൽ നടത്താമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകിയിട്ടുണ്ട്.
ഡിഎഫ്ഒ പങ്കെടുക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. കാട്ടുപന്നി, കാട്ടാന ആക്രമണങ്ങളിലായി നാല് പേർ മരണപ്പെട്ട പഞ്ചായത്താണ് ചാലിയാർ. എംപിയും എംഎൽഎയും ഇക്കാര്യത്തിൽ അവരുടെ പങ്ക് നിർവഹിക്കുക കൂടി ചെയ്താൽ പ്രശ്ന പരിഹാരം എളുപ്പമാകുമെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടി.
വാർത്താ സമ്മേളനത്തിൽ ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ, എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എം. വിശ്വനാഥൻ, പി.ടി. ഉസ്മാൻ, പൂഴിത്തറ ഷാഹുൽ ഹമീദ്, കല്ലട അബ്ദുൾ സമദ്, നിഷിദ് അകന്പാടം എന്നിവർ പങ്കെടുത്തു.