തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക തയാറാക്കാൻ നിർദേശം നൽകി
1577990
Tuesday, July 22, 2025 5:06 AM IST
മലപ്പുറം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ നടപടികൾ സ്വീകരിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഓണ്‍ലൈൻ യോഗം നിർദേശം നൽകി. കരട് പട്ടിക 23 നും അന്തിമപട്ടിക ഓഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം. ഇതിന്റെ ഭാഗമായി അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്ത് വോട്ടർ പട്ടിക പുതുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വിശദീകരിക്കണം.
കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും 23 മുതൽ ഓഗസ്റ്റ് ഏഴ് വരെ ഓണ്‍ലൈനായി നൽകാം. യോഗ്യതാ തിയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേര് ചേർക്കാൻ അർഹതയുള്ളത്. എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർ വി.കെ. മുരളി, അഡീഷണൽ ഡയറക്ടർ അബ്ദുൾ ഗഫൂർ, വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.