വന്യമൃഗ ആക്രമണങ്ങൾക്കും സർക്കാർ അനാസ്ഥക്കുമെതിരേ സമരപഥം
1577285
Sunday, July 20, 2025 5:31 AM IST
കരുവാരകുണ്ട്: വന്യമൃഗ ആക്രമണങ്ങൾക്കും സർക്കാർ അനാസ്ഥക്കുമെതിരേ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) "സമരപഥം’ സംഘടിപ്പിച്ചു.
കരുവാരക്കുണ്ട് കിഴക്കേതലയിൽ നടന്ന സമരപഥത്തിൽ ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകളിൽ നിന്നായി നൂറുക്കണക്കിന് കർഷകരാണ് പങ്കെടുത്തത്. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത പ്രകടനവും നടന്നു.
കാട്ടാന, കാട്ടുപോത്ത്, കടുവ, പുലി, കാട്ടുപന്നി, മലന്പാന്പ്, കുരങ്ങ് തുടങ്ങിയവയുടെ ആക്രമണത്തിൽ കർഷകർക്ക് വലിയ സാന്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. ഇതിന് പുറമെ മനുഷ്യജീവനുകൾ തന്നെ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാവുകയാണ്. കരുവാരക്കുണ്ട് കുണ്ടോടയിൽ വാലയിൽ ഷാജി എന്ന യുവാവ് കാട്ടുപോത്തിന്റെ കത്തേറ്റും രണ്ട് മാസം മുന്പ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറലി അടക്കാക്കുണ്ടിൽ വച്ച് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതും ഇതിന്റെ ഉദാഹരണങ്ങളാണ്.
കൂടാതെ ആനകളുടെയും കാട്ടുപന്നികളുടെയും ആക്രമണത്തിൽ പരിക്കേറ്റ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സഹചര്യങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ വഴിയൊരുക്കുകയാണെന്നാണ് കിഫയുടെ ആരോപണം. ഇതേ തുടർന്നാണ് സമരപഥം നടത്തിയത്. തുടർന്ന് നടന്ന യോഗത്തിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പാലക്കാട് ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് കിഴക്കേക്കര, കിഫ കണ്വീനർ ജോളി മാത്യു കട്ടിക്കാന, കെവിവിഇഎസ് ജില്ലാ പ്രതിനിധി സിബി വയലിൽ, ജോണി ചോക്കാട്, ഖാലിദ് ആര്യാടൻ, അബ്ദുറഹ്മാൻ കാരുളി തുടങ്ങിയവർ പങ്കെടുത്തു.