രാമഞ്ചാടി ശുദ്ധജല പദ്ധതി ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങും
1577988
Tuesday, July 22, 2025 5:06 AM IST
പെരിന്തൽമണ്ണ: സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ പൂർത്തിയാക്കിയ രാമഞ്ചാടി ശുദ്ധജല വിതരണ പദ്ധതി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാൻ ആലോചന. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയുടെ തിയതി കാത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ വേനലിൽ കമ്മീഷൻ ചെയ്യാൻ ആലോചിച്ച പദ്ധതിക്ക് വൈദ്യുതി ലഭ്യമായില്ല. ഇപ്പോൾ എച്ച്ടി ലൈൻ വലിച്ച് പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ പ്രവൃത്തികളെല്ലാം കഴിഞ്ഞു. 93 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്.
ജൂണ് അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. മഞ്ഞളാംകുഴി അലി എംഎൽഎ പെരിന്തൽമണ്ണ മണ്ഡലം പ്രതിനിധി ആയിരിക്കെയാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നത്. നഗരസഭ മുൻ ചെയർമാൻ എം. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ രാമഞ്ചാടി പദ്ധതിക്ക് ഏറെ ഗുണകരമായി.
കുന്തിപ്പുഴയിൽ രാമഞ്ചാടി കയത്തിന് സമീപം കിണർ സ്ഥാപിച്ച് ചേലാമലയിൽ വലിയ സംഭരണ ടാങ്കും ട്രീറ്റ്മെന്റ് പ്ലാന്റും നിർമിച്ചാണ് പെരിന്തൽമണ്ണ നഗരസഭയിലും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകളിലും വെള്ളമെത്തിക്കുക. നിലവിൽ പെരിന്തൽമണ്ണ അർബൻ ശുദ്ധജല പദ്ധതിയിൽ വെള്ളം എത്തുന്നത് പുലാമന്തോൾ കട്ടുപ്പാറയിലെ കിണറ്റിൽ നിന്നാണ്.
പന്പിംഗ് ലൈൻ മുഴുവൻ മാറ്റി സ്ഥാപിച്ചു. പദ്ധതിയുടെ നിർമാണോദ്ഘാടനം 2020 ൽ കോവിഡ് കാലത്താണ് നടത്തിയതാണ്. ഒന്നര വർഷത്തിൽ പൂർത്തിയാക്കാനായിരുന്നു ധാരണ. 2022 മുതൽ ഓരോ വേനലിലും ഇത് ആശ്രയിക്കുന്നവർ രാമഞ്ചാടി പദ്ധതി കമ്മീഷൻ ചെയ്യുന്നത് കാത്തിരുന്നെങ്കിലും ഏറെ നീണ്ടു.