വെളിച്ചെണ്ണയിൽ മായം; പരിശോധന വേണമെന്ന് കേരള കോണ്ഗ്രസ്-ബി
1577989
Tuesday, July 22, 2025 5:06 AM IST
മലപ്പുറം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മായം കലർന്ന വെളിച്ചെണ്ണ വിപണിയിൽ എത്തുന്നുണ്ടോ എന്ന കാര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കണമെന്ന് കേരള കോണ്ഗ്രസ് - ബി ജില്ലാ എക്സിക്യൂട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
വെളിച്ചെണ്ണ വില വലിയ തോതിലാണ് ഉയരുന്നത്. ഉത്പാദനം കുറഞ്ഞതിനാൽ നാളികേര കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. നാളികേര വില കിലോക്ക് 80 രൂപ വരെ എത്തിനിൽക്കുന്നു. നാളികേരം ഉത്പാദനം കുറഞ്ഞതിനാലാണ് വെളിച്ചെണ്ണ വില 420 ആയി ഉയർന്നത്.
ഓണം ഉത്സവ സീസണ് ആകുന്നതോടെ വില ഇനിയും ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തിൽ വെളിച്ചെണ്ണയിൽ വില കുറഞ്ഞ മറ്റ് എണ്ണകൾ ചേർക്കാനുള്ള സാധ്യത ഏറെയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പാക്കറ്റ് വെളിച്ചെണ്ണ വിപണിയിലെത്തുന്നു. ഇതിനാലാണ് പരിശോധന കർശനമാക്കണമെന്ന് യോഗം ആവശ്യപ്പെടുന്നത്.
ജില്ലാ പ്രസിഡന്റ് കെ.പി. പീറ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ജോസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.മുഹമ്മദ്ദ് റാഫി, പി.ടി. ഉണ്ണിരാജ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജമാൽ ഹാജി തിരൂർ, മണ്ഡലം പ്രസിഡന്റുമാരായ മനോജ് പൂവ്വഞ്ചേരി, സജി പീറ്റർ, റഫീക്ക് മഞ്ചേരി, അനീഷ് വണ്ടൂർ, ഷൈജി ഷാജി, ഷംസുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.