മാർ ഇവാനിയോസ് അനുസ്മരണവും പദയാത്രയും നടത്തി
1577651
Monday, July 21, 2025 5:43 AM IST
എടക്കര: ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപത്തിരണ്ടാമത് ഓർമപ്പെരുന്നാളും അനുസ്മരണ പദയാത്രകളും ഉപ്പട സെന്റ് പോൾസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടന്നു. രാവിലെ പാതിരിപ്പാടം സെന്റ് മേരീസ് ദേവാലയ കുരിശടിയിൽ നിന്നാരംഭിച്ച പദയാത്ര ഫാ. സണ്ണി കൊല്ലാർതോട്ടം ഉദ്ഘാടനം ചെയ്തു.
പോത്തുകല്ലിൽ നിന്നാരംഭിച്ച പദയാത്ര ഫാ. ജോഷ്വ കുറ്റിയിൽ ഉദ്ഘാടനം ചെയ്തു. ഇരുപദയാത്രകളും സെന്റ് പോൾസ് ദേവാലയത്തിൽ സംഗമിച്ചു. തുടർന്ന് നടന്ന ഭക്തിസാന്ദ്രമായ സമൂഹബലിക്ക് ഫാ. തോമസ് കല്ലൂർ, ഫാ. ജോസഫ് കണ്ണംകുളം, ഫാ.ജോഷ്വാ കുറ്റിയിൽ, ഫാ. മത്തായി ഐരാണിത്തറ, ഫാ.എൽദോ കാരികൊന്പിൽ, ഫാ. ഏബ്രഹാം പതാക്കൽ, ഫാ.തോമസ് മേനേകാട്ടിൽ, ഫാ. പോൾസൻ ആറ്റുപുറം, ഫാ.ജോണ്‍ ശങ്കരത്തിൽ, ഫാ. ലാസർ പുത്തൻകണ്ടത്തിൽ, ഫാ. ഇമ്മാനുവേൽ മുകളേത്ത് കിഴക്കേതിൽ എന്നിവർ നേതൃത്വം നൽകി.
ഫാ.ജോസഫ് പൂവത്തുംതറയിൽ തിരുവനന്തപുരം മാർ ഇവാനിയോസ് അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ഭക്തസംഘടനകളുടെ നേതൃത്വത്തിൽ അവാർഡ് ദാനവും നടന്നു. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി മർക്കോസ് ഇച്ചിപ്പള്ളിൽ, ഷൈജു വാലേൽ, റെന്നി പാറക്കൽ പുത്തൻവീട്, ജോസ് പറക്കുംതാനം, ബാബു തയ്യിൽപീടിക എന്നിവർ പ്രസംഗിച്ചു. ബത്തേരി ഭദ്രാസനത്തിനു കീഴിലെ എടക്കര വൈദീക ജില്ലയിലെ പതിനഞ്ച് ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.
കരുവാരകുണ്ട്: ധന്യൻ മാർ ഇവാനിയോസ് വലിയ മെത്രാപ്പോലീത്തയുടെ ഓർമപ്പെരുന്നാളും തീർഥാടന പദയാത്രയും കരുവാരക്കുണ്ട് വീട്ടിക്കുന്ന് സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഭക്തിനിർഭരമായ പ്രാർഥന ചടങ്ങോടെ ആചരിച്ചു. ഇന്നലെ രാവിലെ ഒന്‍പതിന് കരുവാരക്കുണ്ട് പുന്നക്കാട് ചുങ്കത്ത് നിന്നും മാർ ഈവാനിയോസ് നഗറായ വീട്ടിക്കുന്ന് സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിലേക്ക് ആരംഭിച്ച പദയാത്രയിൽ നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം ലിബിൻ പി. ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ആഘോഷമായ സമൂഹ വിശുദ്ധബലിയും ധൂപപ്രാർഥനയും നടത്തി. പ്രോട്ടോ വികാരി ഫാ. തോമസ് ചാപ്രത്ത്, ജേക്കബ് ചുണ്ടേക്കാട്ട് കോർ എപ്പിസ്കോപ്പ, വൈദിക സെക്രട്ടറി തോമസ് പുന്നമഠത്തിൽ, ഫാ.ജോർജ് ആലുംമൂട്ടിൽ, ഫാ. വർഗീസ് പ്ലാച്ചിറ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷമായ സമൂഹബലിയും ഫാ. ജോണ്സണ് പള്ളിപ്പടിഞ്ഞാറ്റേതിൽ വചന സന്ദേശവും നൽകി.
നിലന്പൂർ മേഖല പാസ്റ്ററൽ സെക്രട്ടറി സിജു എബ്രഹാം പുരയിടത്തിൽ, ഇടവക ട്രസ്റ്റി അഭിലാഷ് കുന്നേൽ, സെക്രട്ടറി വർഗീസ് ശങ്കരായികുന്നത്ത്, ലിബിൻ പി. ജോർജ്, സിസ്റ്റർ ജെയിൻ ഫ്രാൻസിസ്, അനിസ്റ്റോ പാറേക്കാട്ടിൽ, ക്രിസ്റ്റി വർഗീസ്, എലിസബത്ത് ജോർജ്, ജെഫിൻ ജോസ്, മോളി പൗലോസ്, ബിജു പോൾ, ആൻ മരിയ തോമസ്, ജീന ജോർജ് എന്നിവർ നേതൃത്വം നൽകി.