റോഡരികിലെ ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു
1577993
Tuesday, July 22, 2025 5:06 AM IST
പെരിന്തൽമണ്ണ: തിരക്കുള്ള റോഡരികിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്ന വൈദ്യുതി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലന്പൂർ- പെരുന്പിലാവ് സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ നഗരത്തിൽ നിന്ന് ഒരു വിളിപ്പാടകലെയാണ് ഈ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.
വാഹന തിരക്കേറിയ റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ട്രാൻസ്ഫോർമറിന്റെ മുൻവശത്ത് കൂടെയാണ് കടന്നു പോകേണ്ടത്. മഴ പെയ്താൽ ട്രാൻസ്ഫോർമറിൽ നിന്ന് ശബ്ദവും സ്പാർക്കിംഗും ഉണ്ടാകുന്നത് പതിവാണെന്ന് വ്യാപാരികൾ പറയുന്നു.
രണ്ട് സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും ഇതേ റോഡിൽ ട്രാൻസ്ഫോമറിന്റെ രണ്ട് ഭാഗത്തായാണുള്ളത്. കാലപ്പഴക്കമേറിയ ട്രാൻസ്ഫോർമറും അനുബന്ധ സംവിധാനങ്ങളും റോഡിനോട് ചേർന്നാണ് നിൽക്കുന്നത്. പ്രതിദിനം ആയിരത്തിലധികം വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.