ബസ് ഉടമകളെ സമരത്തിലേക്ക് തള്ളിവിടരുതെന്ന് സംയുക്ത സമരസമിതി
1577657
Monday, July 21, 2025 5:43 AM IST
നിലന്പൂർ: ഈ മാസം 22 മുതൽ ആരംഭിക്കുന്ന സ്വകാര്യബസ് ഉടമകളുടെ അനിശ്ചിതകാല സമരത്തിൽ നിലന്പൂർ താലൂക്കിലെ മുഴുവൻ ബസ് ഉടമകളും പങ്കെടുക്കാൻ ബസ് ഉടമ സംയുക്ത സമരസമിതി യോഗത്തിൽ തീരുമാനം. ബസ് ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമിതി തീരുമാന പ്രകാരമാണ് സംസ്ഥാനത്ത് 22 മുതൽ അനിശ്ചിതകാല സമരം നടക്കുന്നത്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും 140 കിലോമീറ്റർ ദൂരം സർവീസ് നടത്തുന്ന ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും പെർമിറ്റുകൾ പുതുക്കി നൽകിയിട്ടില്ല. കേരളത്തിലെ ഒരു തൊഴിൽ മേഖലയിലുമില്ലാത്ത കരിനിയമമാണ് ബസ് ജീവനക്കാർക്ക് പിസിസി വേണമെന്ന നിബന്ധന.
ഇത് ഒഴിവാക്കുക, 13 വർഷമായിട്ടുള്ള വിദ്യാർഥികളുടെ യാത്ര കണ്സെഷൻ കാലോചിതമായി വർധനവ് വരുത്തുക, ഇ ചലാൻ വഴി പിഴ ചുമത്തുന്ന നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. സമരത്തിന് ആധാരമായ വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും സമരത്തിലേക്ക് ബസ് ഉടമകളെ തള്ളിവിടരുതെന്നും യോഗം ചൂണ്ടിക്കാട്ടി.
ബസ് ഉടമ സംയുക്ത സമരസമിതി ജില്ലാ വൈസ് ചെയർമാൻ മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. സംയുക്ത സമിതി നിലന്പൂർ താലൂക്ക് ഭാരവാഹികളായ യു.കെ.ബി. സച്ചിദാനന്ദൻ, നിയാസ് ചാലിയാർ, മരുന്നൻ ഷൗക്കത്ത്, ബാബു മന്പാട് എന്നിവർ പ്രസംഗിച്ചു.