‘റേഷൻ വ്യാപാരികളുടെ വേതനം വർധിപ്പിക്കണം’
1577655
Monday, July 21, 2025 5:43 AM IST
നിലന്പൂർ: റേഷൻ കടക്കാരുടെ വേതന വർധനവ് ഉടൻ നടപ്പാക്കണമെന്നും റേഷൻ സാധനങ്ങൾ യഥാസമയം കടകളിൽ എത്തിക്കണമെന്നും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലന്പൂരിൽ നടത്തിയ കണ്വൻഷൻ ജില്ലാ സെക്രട്ടറി പി.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തിൽ റേഷൻ വ്യാപാരികളുടെ വേതന വർധനവ് അടിയന്തരമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജീവിത സാഹചര്യങ്ങൾ പരിഗണിച്ച് വേതന വർധനവ് നടപ്പാക്കുന്നത് വൈകുന്നത് അംഗികരിക്കാനാകില്ല.
റേഷൻ കടകളെ ആശ്രയിക്കുന്നവർക്ക് സാധനങ്ങൾ നൽകുന്നതിന് യഥാസമയം റേഷൻ കടകളിൽ സാധനങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം.ഉമ്മർ, സിപിഐ നിലന്പൂർ മണ്ഡലം സെക്രട്ടറി എം.മുജീബ് റഹ്മാൻ, എഐടിയുസി മണ്ഡലം സെക്രട്ടറി സലീംകുമാർ, മമ്മു പാലോളി, കുന്നുമ്മൽ ഹരിദാസൻ, രാജൻ തിരൂർ, മുസ്തഫ, ജിതേഷ്, ഉണ്ണി, സുബൈർ, പി. അലി, പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.