ദുരന്തമൊഴിവായി ദേശീയപാതയിൽ ചീനി മരം പൊട്ടി വീണ് രണ്ടര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
1577648
Monday, July 21, 2025 5:43 AM IST
രാമപുരം: ദേശീയപാത മലപ്പുറം- പെരിന്തൽമണ്ണ റൂട്ടിൽ രാമപുരം ബ്ലോക്ക്പടി നാറാണത്തിനിടയിൽ വലിയ ചീനിമരം കടപുഴകി വീണ് തലനാരിഴ വ്യത്യാസത്തിൽ ദുരന്തമൊഴിവായി. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് പഴക്കമേറിയ ചീനി മരം റോഡിലേക്ക് മറിഞ്ഞ് വീണത്. ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന റൂട്ടിൽ നേരിയ വ്യത്യാസത്തിലാണ് അപകടമൊഴിവായത്.
റോഡിന് കുറുകെ മരം വീണതോടെ രണ്ടരമണിക്കൂറിലധികം ഗതാഗതം നിലച്ചു. ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ പരിസര പ്രദേശത്ത് ഗ്രാമീണ റോഡുകൾ വരെ മണിക്കൂറുകളോളം ഗതാഗതടസം നേരിട്ടു.
കാൽനടയാത്രയും ദുസഹമായി. ചെറിയ കുട്ടികൾ അടക്കമുള്ള ദീർഘദൂര യാത്രക്കാർ വളരെയധികം പ്രയാസപ്പെട്ടു. പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രാമപുരം സ്കൂൾപടി- വടക്കാങ്ങര വഴിയും പെരിന്തൽമണ്ണയിലേക്ക് പോകുന്ന വാഹനങ്ങൾ മക്കരപ്പറന്പ് മങ്കട വഴിയുമാണ് തിരിച്ചുവിട്ടത്.
മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ദീർഘദൂര യാത്രക്കാരും ഗതാഗതകുരുക്കിൽ കുടുങ്ങി. ദേശീയപാതയോരത്ത് വർഷങ്ങളായി ഭീഷണിയുയർത്തിയ ചീനിമരം വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പരിസരവാസികളും നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
ചുവപ്പുനാടയിൽ കുടുങ്ങി ദുരന്തങ്ങൾ കാതോർത്ത് നിൽക്കുകയാണ് ഇപ്പോഴും ദേശീയപാതയോരത്തെ ചീനി മരങ്ങളും മറ്റു വൃക്ഷങ്ങളും. ഇതിനിടെയാണ് വൻ ദുരന്തം സംഭവിക്കാവുന്ന തരത്തിലുള്ള ചീനി മരം ഇന്നലെ കടപുഴകി വീണത്. ട്രോമാകെയർ വോളണ്ടിയർമാരും നാട്ടുകാരും മരം മുറിച്ചു മാറ്റുന്നതിന് നേതൃത്വം നൽകി.
ഫയർഫോഴ്സും പോലീസും നാട്ടുകാരോടൊപ്പം സഹായത്തിനെത്തി. പരിസരവാസികളും നാട്ടുകാരും ഗതാഗതം തിരിച്ചുവിടാൻ മുന്നിട്ടറിങ്ങി. വിവരമറിഞ്ഞ് മഞ്ഞളാംകുഴി അലി എംഎൽഎയും സ്ഥലത്തെത്തിയിരുന്നു.