കനത്ത മഴയിൽ നാടുകാണിച്ചുരത്തിൽ മുളങ്കൂട്ടങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു
1577998
Tuesday, July 22, 2025 5:06 AM IST
എടക്കര: കനത്ത മഴയിൽ അന്തർസംസ്ഥാന പാതയായ നാടുകാണിച്ചുരത്തിൽ മുളങ്കൂട്ടങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ അന്പലമുക്കിലാണ് ഞായറാഴ്ചയും തങ്കളാഴ്ചയും രാത്രി മുളങ്കൂട്ടങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അന്പലമുക്കിനും തകരപ്പാടിക്കുമിടയിൽ മുളങ്കൂട്ടം റോഡിലേക്ക് പതിച്ചത്.
വിവരമറിഞ്ഞ ഉടൻ ട്രോമാ കെയർ അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി മുളങ്കൂട്ടങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് അന്പലമുക്കിൽ മുളങ്കൂട്ടം റോഡിലേക്ക് പതിച്ചത്. ഇതോടെ ചുരംപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. വഴിക്കടവിൽ നിന്ന് ട്രോമാകെയർ വോളണ്ടിയർ ഷിഹാബിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മുളങ്കൂട്ടം വെട്ടിമാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.
മൂന്ന് ദിവസം മുന്പ് കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണ് രണ്ടര മണിക്കൂറിലേറെ ചുരത്തിൽ ഗതാഗതം തടസപ്പെട്ടിരുന്നു. കാട്ടാനകളുടെ സ്ഥിരസാന്നിധ്യമുള്ള ചുരം പാതയിൽ മരങ്ങളും മുളങ്കൂട്ടങ്ങളും വീണ് ഗതാഗതം തടസപ്പെടുന്നത് ഇതുവഴിയുള്ള വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നിരവധി തവണ വാഹനങ്ങൾക്ക് നേരെ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്. പാതയോരത്ത് ഭീഷണിയായ മരങ്ങളും മുളകളും മുറിച്ച് മാറ്റാൻ വനം, പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.