പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ജീവനക്കാരുടെ അഭാവം നേരിടുന്നു
1577992
Tuesday, July 22, 2025 5:06 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യന്ത്രങ്ങളുടെ തകരാറും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും നിർധനരായ ഡയാലിസിസ് രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. 2021 ഫെബ്രുവരിയിലാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സൗജന്യ ഡയാലിസ് സംവിധാനം ആരംഭിച്ചത്. ഇതിനായി പ്രത്യേക വാർഡ് ക്രമീകരിച്ച് ഒന്പത് ഡയാലിസിസ് മെഷീനുകളും സ്ഥാപിച്ചു.
അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയായിരുന്നു ഡയാലിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. തുടക്കത്തിൽ നാല് ടെക്നീഷ്യൻമാരും രണ്ട്, ക്ലീനിംഗ് സ്റ്റാഫും ഡയാലിസ് യൂണിറ്റിൽ സേവനമനുഷ്ഠച്ചിരുന്നു. ഇതുമൂലം രണ്ട് ഷിഫ്റ്റിലായി പരമാവധി രോഗികൾക്ക് ഡയാലിസിസ് നടത്താൻ കഴിഞ്ഞിരുന്നു. ഇപ്പോൾ രണ്ട് യന്ത്രങ്ങൾ തകരാറിലാണ്. ടെക്നീഷ്യൻമാരുടെ എണ്ണം മൂന്നും.
ക്ലീനിംഗിനായി ഒരാളെ മാത്രം വിട്ടുകൊടുക്കുകയുമാണ്. അതിനാൽ ഒരാൾക്ക് നാല് മണിക്കൂർ വരെ നടത്തേണ്ട ഡയാലിസിസ് ഇപ്പോൾ മൂന്ന് മണിക്കൂറാക്കി ചുരുക്കിയതായി വ്യാപക പരാതിയാണ് ഉയരുന്നത്. നാല് മണിക്കൂർ നേരം ലഭിക്കേണ്ട ഡയാലിസിസ് മൂന്ന് മണിക്കൂറാക്കി ചുരുക്കുന്നതിനാൽ രോഗികൾക്ക് വീണ്ടും ശാരീരിക വിഷമതകൾ നേരിടേണ്ടി വരുന്നുണ്ട്. ആഴ്ചയിൽ മൂന്നും നാലും ദിവസങ്ങൾ വീതം ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തേണ്ട രോഗികൾക്ക് മൂന്ന് മണിക്കൂറിലേക്ക് ചുരുക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.
നാല് ടെക്നീഷ്യൻമാരിൽ ഒരാൾ ഒരാഴ്ച മുന്പ് സ്ഥലം മാറി പോയി. പകരം ആൾ വന്നില്ല. ഇതിനിടെ രണ്ട് ഡയാലിസിസ് യന്ത്രങ്ങളുടെ ബോർഡ് തകരാറായത് നേരെയാക്കാൻ എറണാകുളത്തേക്ക് അയച്ചത് എത്താൻ താമസം നേരിടുന്നു. ക്ലീനിംഗ് ജീവനക്കാരിൽ ഒരാളെ മാറ്റിയതിനാൽ ശുചീകരണ ജോലികളും അവതാളത്തിലാണ്.