തദ്ദേശ തെരഞ്ഞെടുപ്പ്: മുന്നൊരുക്കവുമായി കേരള കോണ്ഗ്രസ്-എം
1577991
Tuesday, July 22, 2025 5:06 AM IST
നിലന്പൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി കേരളാ കോണ്ഗ്രസ്-എം നിലന്പൂർ മണ്ഡലം കമ്മിറ്റി. പാർട്ടിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു, ബിരുദ കോഴ്സുകളിൽ ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചർച്ചയായത്. 2020-ൽ നിലന്പൂർ മണ്ഡലത്തിൽ പാർട്ടിക്ക് മികച്ച വിജയമാണ് ഉണ്ടായത്.
നിലന്പൂർ നഗരസഭയിലും നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിലും പോത്തുകൽ പഞ്ചായത്തിലും ഓരോ സീറ്റുകൾ നേടാനായത് മാത്രമല്ല, നിലന്പൂർ നഗരസഭയിലും പോത്തുകൽ ഗ്രാമപഞ്ചായത്തിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ലഭിച്ചു.
തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന് മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ കമ്മറ്റി അംഗങ്ങൾ എന്നിവരെ ചുമതലപ്പെടുത്തി. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോണി പുല്ലംന്താനി അനുമോദിച്ചു. നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടോമി ചേഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ ജെയ്സണ് തോമസ്, ജില്ലാ വൈസ് പ്രസിഡന്റ്, സ്കറിയ കിനാംതോപ്പിൽ, യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് എഡ്വിൻ തോമസ്, വനിത കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ബീന ബോബി തുടങ്ങിയവർ പ്രസംഗിച്ചു.