വെൽഫെയർ പാർട്ടി പ്രതിഷേധ മാർച്ച് നടത്തി
1577284
Sunday, July 20, 2025 5:31 AM IST
മങ്കട : മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്ത മങ്കട ഗവണ്മെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
അഞ്ഞൂറിലധികം രോഗികൾ ദിനേന ആശ്രയിക്കുന്ന ആശുപത്രിയിൽ മതിയായ ചികിത്സ സൗകര്യങ്ങൾ ഒരുക്കുക, ആവശ്യത്തിനുള്ള സ്റ്റാഫുകളെ സ്ഥിര നിയമനങ്ങളോടെ ഉറപ്പുവരുത്തുക, ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം സജ്ജീകരിക്കുക, മാസ്റ്റർ പ്ലാൻ ഉണ്ടായിരിക്കെ അശാസ്ത്രീയമായ രീതിയിൽ നടക്കുന്ന കെട്ടിട നിർമാണം പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറന്പ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഉബൈബ, ഡാനിഷ് മങ്കട, ട്രഷറർ എം. മുഹമ്മദലി, സെക്രട്ടറി നസീറ കടന്നമണ്ണ, ഉസാമ മങ്കട, ജാസിം കടന്നമണ്ണ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.