കരുവാരകുണ്ട് ഫെസ്റ്റ്: കണക്ക് അവതരിപ്പിച്ചില്ലെന്ന് പരാതി
1577658
Monday, July 21, 2025 5:47 AM IST
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് ജനകീയ പിന്തുണയോടെ നടത്തിയ കരുവാരകുണ്ട് ഫെസ്റ്റിന്റെ വരവ്, ചെലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്ന് പരാതി. യുഡിവൈഎഫ് പഞ്ചായത്ത് കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബഡ്സ് സ്കൂളിന് സ്ഥലമെടുക്കുകയും കെട്ടിടം നിർമിക്കുകയും വേണമെന്ന ഉദ്ദേശ്യത്തോടെ കരുവാരകുണ്ട് കണ്ണത്ത് ചീനിപാടത്താണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ദിവസങ്ങളോളം നീണ്ടുനിന്ന ഫെസ്റ്റിൽ കലാസാംസ്കാരിക പരിപാടികളും അരങ്ങേറിയിരുന്നു. കൂടാതെ സ്വകാര്യവ്യക്തികൾക്കും കൂട്ടായ്മകൾക്കും വിവിധ വിനോദ ഉപാധികൾ പ്രവർത്തിപ്പിക്കുന്നതിന് പണം വാങ്ങി സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു.
പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിച്ച് ടിക്കറ്റ് എടുത്താണ് പ്രവേശനം അനുവദിച്ചിരുന്നത്. ലക്ഷക്കണക്കിന് രൂപ ഫെസ്റ്റിവൽ വരുമാനമായി ലഭിച്ചിട്ടുണ്ടെന്നാണ് യുഡിവൈഎഫ് പറയുന്നത്.
ഫെസ്റ്റ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഫെസ്റ്റിന്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്നും നീക്കിയിരിപ്പ് സംഖ്യ എത്രയുണ്ടെന്ന് പൊതുജനങ്ങളെ അറിയിച്ചില്ലെന്നും ബഡ്സ് സ്കൂളിനുവേണ്ടി വാങ്ങിച്ച സ്ഥലത്തിന്റെ മുഴുവൻ തുകയും കൊടുത്തു തീർത്തോ എന്നും കെട്ടിട നിർമാണത്തിന്റെ പ്രവൃത്തികൾ എവിടം വരെയായി എന്നുമുള്ള കാര്യങ്ങളൊന്നും പൊതുജനങ്ങളെ അറിയിച്ചില്ലെന്നുമാണ് യുഡിവൈഎഫ് ആരോപിക്കുന്നത്.