കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് തോട്ടിലേക്ക് മാലിന്യം തള്ളുന്നതായി പരാതി
1577656
Monday, July 21, 2025 5:43 AM IST
നിലന്പൂർ: കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് കുറുഞ്ഞിതോട്ടിലേക്ക് മാലിന്യം തള്ളുന്നു. ജനങ്ങൾ ദുരിതത്തിൽ. ചാലിയാർ പഞ്ചായത്തിലെ പെരുവന്പാടം വാർഡിൽപ്പെട്ട അളക്കൽ വിജയപുരത്ത് പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നാണ് മാനദണ്ഡങ്ങൾ പാലിക്കാതെ അലക്കാനും കുളിക്കാനും ഉൾപ്പെടെ ആശ്രയിക്കുന്ന കുറുഞ്ഞി തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
പെരുവന്പാടം വാർഡിലെ ഗ്രാമസഭായോഗത്തിൽ നടപടിക്കെതിരെ പ്രമേയം പാസാക്കി. നാളെ നടക്കുന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ചാലിയാർ പഞ്ചായത്തിലെ അളക്കൽ വിജയപുരം ഭാഗത്ത് പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് സമീപത്തെ കുറഞ്ഞിതോട്ടിലേക്ക് വ്യാപകമായി മാലിന്യം ഒഴുക്കിവിടുന്നതിനെതിരെയാണ് പെരുവന്പാടം വാർഡ് സഭയിൽ പ്രതിഷേധം ഉയർന്നത്.
പെരുവന്പാടം എസ്സി- എസ്ടി നഗറുകളിലെ നൂറിലധികം കുടുംബങ്ങളും പെരുവന്പാടത്തെ അന്പതിലേറെ കുടുംബങ്ങളുമാണ് തോട്ടിൽ നിന്നുള്ള ദുർഗന്ധം മൂലം പ്രയാസപ്പെടുന്നത്. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതുമാണെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.