മഞ്ചേരിയിൽ ജനകീയ ശുചീകരണം
1577291
Sunday, July 20, 2025 5:31 AM IST
മഞ്ചേരി : മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി മഞ്ചേരി നഗരസഭയിൽ പൊതുയിട ജനകീയ ശുചീകരണ പ്രവർത്തനം ആരംഭിച്ചു.
മുനിസിപ്പൽതല ഉദ്ഘാടനം പയ്യനാട് അമയംകോടിൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ റഹീം പുതുക്കൊള്ളി നിർവഹിച്ചു. ജൂലൈ 19 ന് തുടങ്ങി നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുക.
എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സ്കൂൾ, കോളജ്, സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച തദ്ദേശ സ്ഥാപനങ്ങളിലെ പൊതുയിടങ്ങളിലുമായാണ് ജനകീയ ശുചീകരണം നടത്തുക.
വലിച്ചെറിയൽ മുക്ത പൊതുയിടങ്ങൾ സൃഷ്ടിക്കുക, പൊതുയിടങ്ങൾ വൃത്തിയായും സൗന്ദര്യാത്മകമായും സംരക്ഷിക്കുക എന്നത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നുള്ള ബോധം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
കൗണ്‍സിലർ മരുന്നൻ മുഹമ്മദ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റഷീദുദീൻ മുല്ലപ്പള്ളി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. രതീഷ്, സി. നസ്റുദീൻ, എൻ. ഷിജി, കെഎസ്ഡബ്ല്യൂഎംപി എൻജിനീയർ സഹദ് മിർസ എന്നിവർ പ്രസംഗിച്ചു.
ആരോഗ്യവിഭാഗം ശുചീകരണ തൊഴിലാളികൾ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.