മഞ്ചേരി ജനറൽ ആശുപത്രി : പ്രതിഷേധവുമായി വ്യാപാരികളും
1577290
Sunday, July 20, 2025 5:31 AM IST
മഞ്ചേരി : ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന മഞ്ചേരിയിലെ ജനറൽ ആശുപത്രി ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയറ്റ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലയിലെ തന്നെ ഏറ്റവും വലിയ നഗരപ്രദേശമായ മഞ്ചേരിയിലെയും ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും വിശിഷ്യ ജില്ലയുടെ മധ്യ-വടക്കൻ പ്രദേശങ്ങളിലെയും സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ ജനറൽ ആശുപത്രി ഇവിടെ നിന്ന് മറ്റ് സ്ഥലത്ത് സ്ഥാപിക്കുന്നതിന് പകരം ജനസംഖ്യയിൽ മറ്റു ജില്ലകളേക്കാൾ മുന്നിട്ടു നിൽക്കുന്ന മലപ്പുറം ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ ആവശ്യമായ ആശുപത്രികൾ വേറെ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജനറൽ ആശുപത്രി മാറ്റാനുള്ള തീരുമാനം പിൻവലിക്കാത്തപക്ഷം സമാന ചിന്താഗതിക്കാരായ ഇതര സംഘടനകളുമായി ചേർന്ന് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജനറൽ ഹോസ്പിറ്റൽ സംരക്ഷണസമിതി പ്രതിനിധികളുമായി യൂണിറ്റ് ഭാരവാഹികൾ ചർച്ച നടത്തി.
യൂണിറ്റ് പ്രസിഡന്റ് നിവിൽ ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സക്കീർ ചമയം, ട്രഷറർ കെ. അൽത്താഫ്, ഭാരവാഹികളായ ആൽബർട്ട് കണ്ണന്പുഴ, ബാലകൃഷ്ണൻ അപ്സര, ഫൈസൽ ചേലാടത്തിൽ, ഷെരീഫ് ചേലാസ്, പി.സി. അലി, ഷെരീഫ് എന്ന ചെറി, അബ്ദുൾ റസാഖ് എന്ന കുഞ്ഞിപ്പു, കമറുദ്ദീൻ ബാപ്പുട്ടി, നൗഷാദ് കൂൾതണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.