അകലാപ്പുഴയിലെ ബോട്ട് സർവീസ് നിർത്താൻ തീരുമാനം
1225351
Tuesday, September 27, 2022 11:59 PM IST
കൊയിലാണ്ടി: അകലാപ്പുഴയിലെ അനധികൃത ബോട്ട് സർവീസ് താത്ക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനം. അകലാപ്പുഴയില്‍ നടത്തിവരുന്ന അനധികൃത ബോട്ട് സർവീസിനെതിരേ നടപടികൾ സ്വീകരിക്കുന്നതിന് കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
തിക്കോടി ,മൂടാടി ,തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു. അകലാപ്പുഴയില്‍ കഴിഞ്ഞ ദിവസം ഉണ്ടായിട്ടുള്ള അപകടമരണത്തിന്റെ പാശ്ചാത്തലത്തിലാണ് പ്രസ്തുത യോഗം ചേർന്നത്. അകലാപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി നടത്തിവരുന്ന ബോട്ട് സർവീസുകള്‍ക്ക് കുട്ടികള്‍ ഉള്‍പ്പടെയുള്ള നിരവധി പേരാണ് ദിവസേന എത്തിച്ചേരുന്നത്. സ്വകാര്യ വ്യക്തികൾ മേൽനോട്ടം വഹിക്കുന്ന ബോട്ട് സർവീസ് സർക്കാരിന്റെ യാതൊരുവിധ അനുമതിയും കൂടാതെയാണ് നടത്തുന്നത്.
അപകടം നിറഞ്ഞ ചളിയും പുല്ലുകളും നിറഞ്ഞ സ്ഥലങ്ങളിലൂടെ മുങ്ങല്‍ വിദഗ്ദരുടെ സേവനം ഉറപ്പ് വരുത്താതെയും, യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെയുമാണ് പരിധിയിൽ കവിഞ്ഞുള്ള ആളുകളെ കയറ്റിക്കൊണ്ട് ഇവിടെ സർവീസ് നടത്തുന്നത് എന്നുള്ള കാര്യം നാട്ടുകാരും മറ്റും പരാതിപ്പെട്ടിട്ടുണ്ട് .
പത്തും ഇരുപതും യാത്രക്കാരെ കയറ്റുവാന്‍ മാത്രം പര്യപ്തമായ ബോട്ടുകളില്‍ അറുപതോളം പേരെ വഹിച്ചുകൊണ്ട് നടത്തുന്ന ഇത്തരം സർവീസിനെതിരേ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതിനും, ഈ വിവരം ജില്ലാ ദുരന്ത നിവാരണ ചെയര്മാന് കൂടിയായ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും ,നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്നും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. യോഗത്തില്‍ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് , മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ , തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് , കൊയിലാണ്ടി പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍കുമാര്‍ ,പയ്യോളി സബ്ബ് ഇന്‍സ്പെക്ടര്‍ എം.തങ്കരാജ് ,ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന് ഓഫീസര്‍ സി.പി.ആനന്ദ് ,മേജര്‍ ഇറിഗേഷന്‍ അസിസറ്റന്റ് എഞ്ചിനീയര്‍ പി.സരിന് ,മൂടാടി വില്ലേജ് ഓഫീസര്‍ എം.പി.സുഭാഷ് ബാബു ,തിക്കോടി വില്ലേജ് ഓഫീസര്‍ എം.ദിനേശന്, തുറയൂര്‍ വില്ലേജ് ഓഫീസര്‍ റാബിയ വെങ്ങാടിക്കല്‍ എന്നിവര്‍ പങ്കെടുത്തു