മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി
1245897
Monday, December 5, 2022 12:43 AM IST
കോഴിക്കോട്: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നടപ്പിലാക്കുമ്പോൾ കേരളത്തിൽ നിലവിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തുമെന്ന് തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ. കോവിഡ് കാലത്തുൾപ്പെടെ മെഡിക്കൽ ടെക്നീഷ്യൻമാർ നടത്തിയ സേവനനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസമായി നടന്നു വന്ന കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ (കെപിഎംടിഎ) 14ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കെപിഎംടിഎ സംസ്ഥാന പ്രസിഡ കെ. ബാബു അധ്യക്ഷത വഹിച്ചു. മികച്ച ജില്ലാ കമ്മിറ്റിക്കുള്ള കെ.പി. രവീന്ദ്രൻ മെമ്മോറിയൽ റോളിംഗ് ട്രോഫി തൃശൂർ ജില്ലാ കമ്മിറ്റിക്ക് മന്ത്രി കൈമാറി. മുതിർന്ന ടെക്നീഷ്യൻമാരെ മന്ത്രി ആദരിച്ചു. അഡ്വ പി.ടി.എ. റഹീം എംഎൽഎ സുവനീർ പ്രകാശനം ചെയ്തു. രാവിലെ നടന്ന പഠനക്ലാസിന് ഡോ കെ.എം. പ്രദീപ്കുമാർ നേതൃത്വം നൽകി. ക്ലിനിക്കൽ എസ്റ്റാറ്റാബ്ലിഷ്മെന്റ് ബില്ലും കേരളവും എന്ന വിഷയത്തിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ ശരീഫ് പാലോളി മോഡറേറ്ററായി. കെപിഎംടിഎയുടെ പുതിയ സംസ്ഥാന ഭാരവാഹികളായി കെ. ബാബു (പ്രസിഡന്റ്), ശരീഫ് പാലോളി (ജനറൽ സെക്രട്ടറി), അസ്ലം മെഡിനോവ (ട്രഷറർ), കെ.പി. അമൃത, ടി. തങ്കച്ചൻ, ചിന്നമ്മ വർഗീസ് (വൈസ് പ്രസിഡെന്റുമാർ), പ്രമീള ദിലീപ്കുമാർ, ബി. അരവിന്താക്ഷൻ, പി.ടി. വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.